സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധി നൽകി തമിഴ്നാട് സർക്കാർ

 | 
mk stalin

ചെന്നൈ: തമിഴ്നാട് ഡി.എം.കെ സർക്കാറിന്‍റെ ആദ്യ ബജറ്റിൽ സ്ത്രീകൾക്ക് ശുഭവാർത്ത. സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ പ്രസവാവധി ഒരു വർഷമായി ദീർഘിപ്പിച്ചു. സ്ത്രീകൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുകയാണ്  ഡി.എം.കെ സർക്കാർ. നേരത്തെ സ്ത്രീകളുടെ പ്രസവാവധി ഒൻപത് മാസമായിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാർക്ക് മാസംതോറും 1000 രൂപ ധനസഹായം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുകൂടാതെ പെട്രോളിന് മൂന്ന് രൂപ കുറയ്ക്കുകയും, ട്രാൻസ്ജെൻഡർ സമൂഹത്തിന് പെൻഷൻ ഏർപ്പെടുത്താൻ 1.50 കോടി രൂപ ബജറ്റിൽ നീക്കിവെക്കുകയും ചെയ്തു.

 ധനമന്ത്രി പളനിവേൽ ത്യാഗരാജനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രതിപക്ഷമായ അണ്ണാഡി.എം.കെ ബഡ്ജറ്റ് അവതരണ വേളയിൽ സഭ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. മൂന്ന് മണിക്കൂർ നേരമാണ് ബഡ്ജറ്റ് അവതരണം നീണ്ടുനിന്നത്.