തമിഴ്‌നാട്ടില്‍ പാഴ്‌സല്‍ ഭക്ഷണം ഇനി സ്റ്റീല്‍ പാത്രങ്ങളില്; ജനുവരി മുതല്‍ മാറ്റത്തിനൊരുങ്ങി ഹോട്ടലുകള്‍

ചെന്നൈ: തമിഴ്‌നാട്ടിലെ ഹോട്ടലുകളില് നിന്ന് ഇനി പാഴ്സല് നല്കുന്നത് സ്റ്റീല് പാത്രങ്ങളില്. ജനുവരി ഒന്നു മുതല് ഇത് നടപ്പിലാകും. തമിഴ്നാട് ഹോട്ടല് അസോസിയേഷനാണ് ഈ തീരുമാനം എടുത്തത്. സര്ക്കാര് പ്ലാസ്റ്റിക് നിരോധനം നടപ്പില് വരുത്തുന്നതിനാലാണ് നീക്കം.
പ്ലാസ്റ്റിക്കിനു പകരം പ്രകൃതിക്കിണങ്ങുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം വാങ്ങേണ്ടി വരും. സ്റ്റീല്‍ പാത്രങ്ങളില്‍ ഭക്ഷണം നല്‍കുമ്പോള്‍ കരുതല്‍ ധനമായി പണം വാങ്ങുമെങ്കിലും പാത്രം തിരിച്ചേല്‍പ്പിക്കുമ്പോള്‍ അത് ഉപഭോക്താവിന് മടക്കി നല്‍കും. പാത്രം സ്വന്തമായി വേണ്ടവര്‍ക്ക് അത് വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാനും പദ്ധതിയുണ്ട്.
പ്ലാസ്റ്റിക്ക് നിരോധനം ഹോട്ടലുകള്‍ക്ക് വന്‍നഷ്ടമുണ്ടാക്കുമെന്നാണ് അസോസിയേഷന്‍ വിലയിരുത്തുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത്രങ്ങളും ബാഗുകളും കൊണ്ടുവരുന്നവര്‍ക്ക് ഭക്ഷണവിലയില്‍ ഇളവു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉപഭോക്താക്കളില്‍നിന്നു നല്ല പ്രതികരണമുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് സ്റ്റീല്‍ പാത്രങ്ങളിലേക്ക് മാറുന്നതെന്നും സംഘടന അറിയിച്ചു.