പിരിച്ചുവിട്ട ജീവനക്കാരന്‍ ടാറ്റാ സ്റ്റീല് കമ്പനിയിലെ മാനേജരെ വെടിവെച്ച് കൊന്നു
ന്യൂഡല്‍ഹി: ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദേഷ്യത്തിന് ജീവനക്കാരന് ടാറ്റാ സ്റ്റീല് കമ്പനിയിലെ മാനേജരെ വെടിവെച്ച് കൊന്നു. ഫരീദാബാദിലെ ടാറ്റായുടെ ഹാര്ഡ് വേര് ചൗക്ക് എന്ന കമ്പനിയിലാണ് സംഭവം. സ്ഥാപനത്തിലെ മാനേജറായ അരിന്ദം പാലാണ് വെടിയേറ്റ് മരിച്ചത്. പ്രതിയും കമ്പനിയിലെ മുന് എക്സിക്യൂട്ടീവ് മാനേജറുമായ വിശ്വാസ് പാണ്ഡെ ഒളിവിലാണ്. ഇയാള്ക്കായി ഊര്ജിത അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
തന്നെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ് തിരന്തരം കമ്പനിയിലെത്താറുണ്ടായിരുന്നു. എന്നാല്‍ തിരിച്ചെടുക്കുക സാധ്യമല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ വീണ്ടും മാനേജറെ കാണാനായി വിശ്വാസ് കമ്പനിയിലെത്തി. തിരിച്ചെടുത്തില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇയാള്‍ മാനേജറെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വഴങ്ങാതിരുന്ന മാനേജറുടെ നേരെ നിറയൊഴിക്കുകയായിരുന്നു. അരിന്ദം പാലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഞ്ച് തവണയാണ് വിശ്വാസ് നിറയൊഴിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ജീവനക്കാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തോക്ക് ചൂണ്ടി സുരക്ഷ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ സംസ്ഥാനം വിട്ടതായിട്ടാണ് സൂചന. പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സ്വഭാവ ദൂഷ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശ്വാസിനെ പുറത്താക്കാന്‍ കമ്പനി തീരുമാനിച്ചത്.