ആഭ്യന്തരം അമിത് ഷായ്ക്ക്, പ്രതിരോധം രാജ്‌നാഥ് സിങ്ങിന്, ധനകാര്യം നിര്‍മലയ്ക്ക്; കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള് അനുവദിച്ചതായി റിപ്പോര്ട്ട്. ആഭ്യന്തരം അമിത് ഷാ കൈകാര്യം ചെയ്യും. രാജ്‌നാഥ് സിങ്ങിന് പ്രതിരോധവും നിര്‍മല സീതാരാമന് ധനകാര്യവും കോര്‍പറേറ്റ് കാര്യവും നല്‍കി. ഉപരിതല ഗതാഗതം, ഹൈവേയ്‌സ് എന്നിവ നിതിന്‍ ഗഡ്കരിക്കും ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകള്‍ രാംവിലാസ് പസ്വാനും നല്‍കി. വനിതാ ശിശുക്ഷേമ വകുപ്പ് സ്മൃതി ഇറാനിയായിരിക്കും കൈകാര്യം ചെയ്യുക.
കേന്ദ്ര മന്ത്രിസഭയിലെ മലയാളി സാന്നിധ്യമായ വി.മുരളീധരന് വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലയാണ് മുരളീധരന് ലഭിച്ചിരിക്കുന്നത്. രണ്ടാം വട്ടവും പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദി തന്റെ ഏറ്റവും അടുത്ത അനുയായികളെയാണ് പ്രധാന വകുപ്പുകളില്‍ നിയമിച്ചിരിക്കുന്നത്.
57 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഇവരില്‍ 25 പേര്‍ പുതുമുഖങ്ങളാണ്. ബിജെപിയെ വന്‍ വിജയത്തിലേക്ക് നയിച്ച അമിത് ഷായ്ക്ക് പുതിയ സര്‍ക്കാരില്‍ പ്രധാനപ്പെട്ട സ്ഥാനം ലഭിക്കുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ധനകാര്യം ലഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.