സംശയരോഗം; അനന്തരവനെ കൊന്ന് കുഴിച്ചുമൂടിയ ടെക്കി മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍

ന്യൂഡല്‍ഹി: കാമുകിയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അന്തരവനെ കൊന്ന് ബാല്‍ക്കണിയില്‍ കുഴിച്ചിട്ട ടെക്കി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ഒഡീഷയിലെ ഗന്‍ജാം സ്വദേശിയായ ബിജയ് കുമാര്‍ മഹാറാണയാണ് അറസ്റ്റിലായത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിജയ് കുമാറിന്റെ അനന്തരവനായ ജയ് പ്രകാശിന് കാമുകിയുമായി ബന്ധമുള്ളതായി സംശയമുണ്ടായിരുന്നു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്.
2012ലാണ് കാമുകിയും ബിജയ് കുമാറും നോയിഡയിലേക്ക് താമസം മാറുന്നത്. 2015ല്‍ ജയ് പ്രകാശും നോയിഡയിലേക്ക് ബിജയ്ക്കൊപ്പം താമസം മാറി. ശേഷം തന്റെ കാമുകിയുമായി ജയ് പ്രകാശിന് ബന്ധമുള്ളതായി സംശയം തോന്നിയ ബിജയ് കൊലപാതകം ആസൂത്രണം ചെയ്തു.
2016 ഫെബ്രുവരി ആറിന് ഫ്ലാറ്റില്‍ ഉറങ്ങുകയായിരുന്ന ജയ് പ്രകാശിനെ ബിജയ് സീലിങ് ഫാനിന്റെ മോട്ടോര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി.
മൃതദേഹം ബാല്‍ക്കണിയില്‍ കുഴിച്ചിടുകയും നേരത്തെ ചെടികള്‍ നടാന്‍ കൊണ്ടുവെച്ച മണ്ണ് നിരത്തി ചെടികള്‍ വെക്കുകയും ചെയ്തു. ഒരാഴ്ച്ചയ്ക്ക് ശേഷം അനന്തരവനെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പിന്നീട് ഈ ഫ്ലാറ്റില്‍ നിന്ന് ബിജയ് താമസം മാറുകയും ചെയ്തു. ജോലി ഹൈദരാബാദിലേക്ക് മാറിയതോടെ ഇയാള്‍ നോയിഡ പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു.
2018 ഒക്ടോബറില്‍ കെട്ടിടം പുതുക്കിപണിയുന്നതിനായി പൊളിച്ചപ്പോള്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസ്ഥികൂടവും ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ബെഡ്ഷീറ്റ്, ബെഡ് തുടങ്ങിയ സാധനങ്ങളും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.