ഹൈദരാബാദ് ദുരഭിമാനക്കൊല; മകളുടെ ഭര്‍ത്താവിനെ കൊല്ലാന്‍ പിതാവ് നല്‍കിയത് 1 കോടിയുടെ ക്വട്ടേഷന്‍
ഹൈദരാബാദ്: മകളെ പ്രണയിച്ച് വിവാഹം ചെയ്ത ദളിത് യുവാവിനെ കൊല്ലാന് പിതാവ് നല്കിയത് 1 കോടി രൂപയുടെ ക്വട്ടേഷന്. കൊല നടത്താന് ഏല്പ്പിച്ച സംഘത്തിന് പാക് ചാര സംഘടനയുമായി ബന്ധമുള്ളതായി സൂചനകള് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തില് നേരിട്ട് പങ്കെടുത്ത പ്രതി ഉള്പ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക സംഘം ബിഹാറില് നിന്നുള്ളവരാണ്. 18 ലക്ഷം രൂപ അഡ്വാന്സായി നല്കിയിരുന്നു. കൊലപാതകത്തിന് ശേഷം ബാക്കി തുക നല്കാമെന്നായിരുന്നു വ്യവസ്ഥ.
എന്‍ജിനീയറായി ജോലി ചെയ്തിരുന്ന പ്രണയ് പെരുമല്ലയും അമൃതയും ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരാവുന്നത്. അമൃതയുടെ പിതാവ് മാരുതി റാവു വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു. പിന്നീടത് ഭീഷണിയായെന്നും അമൃത പറയുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ അമൃതയുമായി നാല്‍ഗോണ്ടയിലെ ജ്യോതി ആശുപത്രിയില്‍ എത്തിയപ്പോഴാണ് പ്രണയ് ആക്രമിക്കപ്പെടുന്നത്. പിന്നിലൂടെ വന്ന് അക്രമി വാളുകൊണ്ട് വെട്ടുകയായിരുന്നു. പ്രണയ് അവിടെ വെച്ചു തന്നെ മരണപ്പെട്ടു.

‘എന്റെ അച്ഛന്റെ ഏക മകളാണ് ഞാന്‍. ജനുവരിയില്‍ പ്രണയിയെ വിവാഹം ചെയ്തതോടെ അച്ഛന്‍ വല്ലപ്പോഴും മാത്രമാണ് എന്നോട് സംസാരിക്കാറുളളത്. വീട്ടിലേക്ക് തിരിച്ച് വരാനോ ഗര്‍ഭം അലസിപ്പിക്കാനോ മാത്രമാണ് അച്ഛന്‍ ആവശ്യപ്പെടാറുളളത്. ഗര്‍ഭം അലസിപ്പിച്ച് കുട്ടികളില്ലാതെ മൂന്ന് വര്‍ഷം ജീവിച്ചാല്‍ വിവാഹം താന്‍ അംഗീകരിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞത്’, അമൃതയെ ഉദ്ധരിച്ച് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എന്റെ കുട്ടിയെ ഇല്ലാതാക്കില്ലെന്നാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്‌നമാവാതിരിക്കാനാണ് അവര്‍ എന്നോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാവുന്നു. കുഞ്ഞില്ലെങ്കില്‍ അവര്‍ക്ക് എന്നെ മറ്റ് പ്രശ്‌നങ്ങളില്ലാതെ വീട്ടിലെത്തിക്കാന്‍ കഴിയുമെന്ന് കരുതിക്കാണും’, അമൃത പറഞ്ഞു.
‘എന്റെ രക്ഷിതാക്കള്‍ എന്തെങ്കിലും ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു. പക്ഷെ അവര്‍ പൊതുസ്ഥലത്ത് വച്ച് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഞങ്ങളുടെ ജീവിതം തകര്‍ത്തവരെ ശിക്ഷിക്കണം. അവര്‍ ജയിലില്‍ പോയത് കൊണ്ട് മാത്രം കാര്യമില്ല, അവിടെയും അവര്‍ ജീവിക്കും. പ്രണയിയെ കൊന്നത് പോലെ അവരും കൊല്ലപ്പെടണം. ഇതുപോലെ ജാതിയുടെ പേരിലുളള കൊലപാതകങ്ങള്‍ ഇനി സംഭവിക്കരുത്. ജാതീയത ഇല്ലാതാക്കണമെന്നായിരുന്നു പ്രണോയിയുടെ ആഗ്രഹം, ഞാന്‍ അതിന് വേണ്ടി പോരാടും’, അമൃത വ്യക്തമാക്കി.