ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ് തൃണമൂലില്‍; ഗോവയില്‍ പൊടിപാറും

 | 
Paes

ടെന്നീസ് താരം ലിയാന്‍ഡര്‍ പേസ് തൃണമൂലില്‍. 2022 തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിരിടാന്‍ തയ്യാറെടുക്കുന്ന തൃണമൂല്‍ സെലിബ്രിറ്റികളെ ക്യാമ്പില്‍ എത്തിച്ചുകൊണ്ടാണ് വരവ് ആഘോഷമാക്കിയിരിക്കുന്നത്. ഇതോടെ ഗോവയിലെ തൃണമൂല്‍ ഘടകത്തില്‍ എത്തിയിരിക്കുന്ന മൂന്നാമത്തെ സെലിബ്രിറ്റിയായിരിക്കുകയാണ് പേസ്. ബോളിവുഡ് താരം നഫീസ അലി, മൃണാളിനി ദേശ്പ്രഭു എന്നിവര്‍ നേരത്തേ തൃണമൂലില്‍ ചേര്‍ന്നിരുന്നു.

തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് പേസ് അംഗത്വം സ്വീകരിച്ചത്. ടെന്നീസില്‍ നിന്ന് താന്‍ വിരമിച്ചു. ഇനി രാഷ്ട്രീയത്തിലൂടെ ജനസേവനമാണ് ലക്ഷ്യമിടുന്നതെന്നും രാജ്യത്ത് മാറ്റമുണ്ടാക്കേണ്ടതുണ്ടെന്നും പേസ് പറഞ്ഞു. ബിജെപിയുടെ വിഘടന അജണ്ടയ്‌ക്കെതിരെ അണിചേരാന്‍ ഗോവയിലെ മറ്റു രാഷ്ട്രീയ കക്ഷികള്‍ തൃണമൂലിനൊപ്പം അണിചേരണമെന്ന് കഴിഞ്ഞയാഴ്ച മമത പറഞ്ഞിരുന്നു.

40 അംഗ ഗോവ നിയമസഭയിലേക്ക് 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. പിന്നീട് ബിജെപി ഭരണം പിടിക്കുകയായിരുന്നു. കോണ്‍ഗ്രസിന് നിലവില്‍ 15 എംഎല്‍എമാരാണ് ഉള്ളത്.