ശശി തരൂരിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ട് കൊല്‍ക്കത്ത കോടതി

കോണ്ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കൊല്ക്കത്ത കോടതി.
 | 
ശശി തരൂരിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ട് കൊല്‍ക്കത്ത കോടതി

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കൊല്‍ക്കത്ത കോടതി. കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശശി തരൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ശശി തരൂരിന്റെ ‘ഹിന്ദു പാകിസ്ഥാന്‍’ പരാമര്‍ശത്തിനെതിരെ ലഭിച്ച ഹര്‍ജിയിലാണ് നടപടി. വീണ്ടും അധികാരത്തിലെത്തിയാല്‍ ബിജെപി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കി മാറ്റുമെന്ന പരാമര്‍ശത്തിനെതിരെ അഭിഭാഷകനായ സുമീത് ചൗധരിയാണ് ഹര്‍ജി നല്‍കിയത്.

തരൂരിന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലുള്ളതാണെന്നും സാമൂഹ്യ പശ്‌നങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് തരൂര്‍ നടത്തിയതെന്നും പരാതിക്കാരന്‍ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്നും ഇന്ത്യയെ ഹിന്ദു പാകിസ്ഥാന്‍ ആക്കി മാറ്റുമെന്നും തരൂര്‍ പ്രസംഗിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഈ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്താന്‍ തരൂര്‍ തയ്യാറായില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. ഹര്‍ജിയില്‍ തരൂരിന് സമന്‍സ് അയക്കാനും അത് തപാലില്‍ മാത്രമല്ല, ട്വിറ്റര്‍ ഹാന്‍ഡിലില്‍ കൂടി നല്‍കാനും അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.