പശു ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമെന്ന് അലഹബാദ് ഹൈക്കോടതി
ഓക്‌സിജിന്‍ ശ്വസിക്കുകയും പുറത്തു വിടുകയും ചെയ്യുന്ന ഏകമൃഗമാണ് പശുവെന്ന് അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയമൃഗമാക്കണമെന്ന് നിര്‍ദേശിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആണ് തന്റെ വിധിന്യായത്തില്‍ പശുവിനെക്കുറിച്ചുള്ള അശാസ്ത്രീയത എഴുതിച്ചേര്‍ത്തത്. പശുവിനെ കശാപ്പ് ചെയ്ത കേസില്‍ ജാവേദ് എന്നയാള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിയിലാണ് പരാമര്‍ശം.
പശു ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏകമൃഗമാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ വിശ്വസിക്കുന്നുവെന്നാണ് ഹിന്ദിയില്‍ തയ്യാറാക്കിയ വിധിയില്‍ ജസ്റ്റിസ് പറഞ്ഞത്. യാഗങ്ങളില്‍ ഉപയോഗിക്കുന്നത് പശുവിന്‍ പാലില്‍ നിന്നുള്ള നെയ്യാണെന്നും അത് സൂര്യരശ്മികള്‍ക്ക് പ്രത്യേക ഊര്‍ജ്ജം പകര്‍ന്ന് മഴയുണ്ടാക്കുമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. പശുവിന്റെ നെയ്യ്, മൂത്രം, ചാണകം, പാല്‍, തൈര് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചഗവ്യം മാറാവ്യാധികള്‍ക്കുള്ള മരുന്നാണെന്നും വിധിയില്‍ പറയുന്നു.
പശു തന്റെ ജവിതകാലത്ത് 400 പേര്‍ക്കുള്ള പാല്‍ തരും. പക്ഷേ 80 പേര്‍ക്കുള്ള ഇറച്ചി മാത്രമേ അതില്‍ നിന്ന് ലഭിക്കൂവെന്ന് ദയാനന്ദ സരസ്വതിയെ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് പറയുന്നു. ഒരു പശുവിനെയോ കാളയെയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞതായും വിധിയിലുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ പശു ഒഴിച്ചുകൂടാനാവാത്ത ഒന്നായതിനാല്‍ ബീഫ് കഴിക്കുന്നത് പൗരന്റെ മൗലികാവകാശമായി കാണാന്‍ കഴിയില്ല. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പാര്‍ലമെന്റ് സ്വീകരിക്കണമെന്നും വിധി ആവശ്യപ്പെടുന്നു.