എന്‍കൗണ്ടറില്‍ കൊല്ലുമെന്ന് മന്ത്രി പറഞ്ഞ പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയില്‍പാളത്തില്‍

 | 
Pallakonda-Raju
ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തി
ഹൈദരാബാദ്: ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടെത്തി. തെലങ്കാന സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ ഉടന്‍ പിടികൂടുമെന്നും അതിന് ശേഷം വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുമെന്നും മന്ത്രി മല്ല റെഡ്ഡി ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജുവിന്റെ മൃതദേഹം ഖാന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍പാളത്തില്‍ കണ്ടെത്തിയത്.

രാജു ട്രെയിനിന് മുന്നില്‍ ചാടി മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. കണ്ടെത്തിയ മൃതദേഹം രാജുവിന്റേതാണെന്ന് തെലങ്കാന ഡിജിപി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 9ന് ഹൈദരാബാദിലെ സിംഗരേനി കോളനിയിലാണ് സംഭവമുണ്ടായത്. വൈകിട്ട് 5 മണി മുതല്‍ കാണാതായ പെണ്‍കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു. അടുത്ത ദിവസം രാജുവിന്റെ വീട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിന് ശേഷം രാജുവിനെ കാണാതായിരുന്നു.

ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് യുവാവ്. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.