ഭരണകൂടത്തിന്റെ നുണകളെ തുറന്നുകാട്ടാനുള്ള കടമ പൗരനുണ്ട്; ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

 | 
chandrachooda

ഭരണകൂടത്തിന്റെ നുണകളെ തുറന്നുകാട്ടാനുള്ള കടമ പൗരന്‍മാര്‍ക്കുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ജനാധിപത്യത്തില്‍ അസത്യങ്ങള്‍, തെറ്റായ വിവരണങ്ങള്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയില്‍ നിന്ന് ഭരണകൂടങ്ങള്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാരുകള്‍ പ്രവൃത്തിയിലും നയങ്ങളിലും ഉത്തരവാദിത്തം കാണിക്കുന്നു എന്ന് ഉറപ്പു വരുത്താനായി സ്വാധീനങ്ങള്‍ക്ക് വഴിപ്പെടാത്ത ഒരു മാധ്യമ സംസ്‌കാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ആറാമത് ജസ്റ്റിസ് എം.സി.ചഗ്ല അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. യാഥാര്‍ത്ഥ്യം അറിയാന്‍ ഭരണകൂടത്തെ മാത്രം ആശ്രയിക്കാനാവില്ല. സ്വേച്ഛാധിപത്യ സര്‍ക്കാരുകള്‍ അധികാരം ഉറപ്പിക്കാന്‍ അസത്യങ്ങളെ നിരന്തരം ആശ്രയിക്കുന്നത് നമുക്കറിയാം. കോവിഡ് കണക്കുകള്‍ മറച്ചുവെക്കാന്‍ പല രാജ്യങ്ങളും ശ്രമിക്കുന്നത് നാം കണ്ടു. 

വ്യാജ വാര്‍ത്തകളുടെ പ്രതിഭാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പാന്‍ഡെമിക് സമയത്ത് ലോകാരോഗ്യ സംഘടന ഇത് തിരിച്ചറിഞ്ഞു. ഇതിനെ 'ഇന്‍ഫൊഡെമിക്' എന്നാണ് വിശേഷിപ്പിക്കുന്നത്. സെന്‍സേഷണല്‍ വാര്‍ത്തകളിലേക്ക് ആകൃഷ്ടരാകാനുള്ള ഒരു പ്രവണത മനുഷ്യനുണ്ടെന്നും വ്യാജ വിവരങ്ങള്‍ പരത്താന്‍ ഇത്തരം വാര്‍ത്തകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

കോവിഡ് വ്യാപനത്തിന്റെ യഥാര്‍ത്ഥ മുഖം മറയ്ക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുണ്ടാകാമെന്ന് വിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ആശങ്കയറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമര്‍ശങ്ങള്‍.