ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം ഉയര്‍ന്നത് 16,000 മടങ്ങ്!
ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു ശേഷം ബിജെപി ദേശീയാദ്ധ്യക്ഷന് അമിത് ഷായുടെ മകന് ജയ് അമിത്ഭായി ഷായുടെ കമ്പനിക്കുണ്ടായ ലാഭം 16,000 ഇരട്ടിയെന്ന് റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ഫയല്‍ ചെയ്ത വിവരങ്ങളുടെ വിവരാവകാശ രേഖകളെ ഉദ്ധരിച്ച് ദി വയര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ കമ്പനിക്ക് 2013ല്‍ 6230 രൂപയും 2014ല്‍ 1724 രൂപയും മാത്രമായിരുന്നു ടേണ്‍ഓവര്‍. 2014-15 വര്‍ഷത്തില്‍ 18,728 രൂപ ലാഭവും 50,000 രൂപ റവന്യൂവും കാണിച്ച കമ്പനി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 80.5 കോടി രൂപയാണെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുതിര്‍ന്ന എക്സിക്യൂട്ടീവും രാജ്യസഭാ എംപിയുമായ പരിമള്‍ നഥ്വാനിയുടെ ഭാര്യാപിതാവ് രാജേഷ് ഖണ്ഡ്വാലയുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 15.78 കോടി രൂപയുടെ ഉപാധിരഹിത വായ്പ സ്വീകരിച്ചതിനു ശേഷമാണ് കമ്പനിക്ക് ഇത്രയും വളര്‍ച്ചയുണ്ടായത്. പിന്നീട് 2016 ഒക്ടോബറില്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയതായി പ്രഖ്യാപിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ 1.4 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിതനാലാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്നായിരുന്നു അറിയിപ്പ്.
ടെമ്പിള്‍ എന്റര്‍പ്രൈസസിനെയും മറ്റു കമ്പനികളെയും കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജയ് ഷായെ ബന്ധപ്പെട്ടപ്പോള്‍ താന്‍ യാത്രയിലായതിനാല്‍ പ്രതികരിക്കാനാകില്ലെന്നായിരുന്നു മറുപടി. അടുത്ത ദിവസം ജയ് ഷായുടെ അഭിഭാഷകന് തങ്ങളെ ബന്ധപ്പെട്ടുവെന്നും എതിരായി എന്തെങ്കിലും വാര്‍ത്ത നല്കിയാല് അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും വയര്‍ റിപ്പോര്‍ട്ട് പറയുന്നു. പെട്ടെന്നുണ്ടായ റവന്യൂ വളര്‍ച്ചയ്ക്ക് കാരണം വില്പന വര്ദ്ധിച്ചതാണെന്നുമാണ് കമ്പനി ഫയലില്‍ വിശദീകരിച്ചിരിക്കുന്നത്.
വിദേശ വരുമാനമായി 51 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും വിശദീകരണമുണ്ട്. കെഐഎഫ്എസ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് കമ്പനിക്ക് 15.78 കോടി രൂപ വായ്പയായി നല്‍കിയതായി കാണിച്ചിരിക്കുന്നത്. പക്ഷേ ഈ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 7 കോടിയുടെ വായ്പകള്‍ മാത്രമേ നല്‍കിയിട്ടുള്ളുവെന്നാണ് കാണിച്ചിരിക്കുന്നത്. 15.78 കോടിയുടെ ഉപാധിരഹിത വായ്പയേക്കുറിച്ച് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തത് സംശയകരമാണെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ധനകാര്യ കമ്പനിയും പ്രതികരിച്ചിട്ടില്ല.