ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ കണക്കില്‍ രണ്ടുലക്ഷം കോടി ‘മിസ്സിംഗ്’; വിശദീകരിക്കാനാവാതെ ധനമന്ത്രാലയം

കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന്റെ ആദ്യ ബജറ്റ് അവതരണം കഴിഞ്ഞപ്പോള് രണ്ടുലക്ഷം കോടി രൂപ കാണാനില്ല.
 | 
ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ കണക്കില്‍ രണ്ടുലക്ഷം കോടി ‘മിസ്സിംഗ്’; വിശദീകരിക്കാനാവാതെ ധനമന്ത്രാലയം

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ആദ്യ ബജറ്റ് അവതരണം കഴിഞ്ഞപ്പോള്‍ രണ്ടുലക്ഷം കോടി രൂപ കാണാനില്ല. രാജ്യത്തിന്റെ സാമ്പത്തിക അക്കൗണ്ടുകളില്‍ നിന്ന് ഇത്രയും തുക കാണാനില്ലെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടക സമിതി അംഗമായ റതിന്‍ റോയിയാണ് ചൂണ്ടിക്കാട്ടിയത്. ബജറ്റില്‍ പറഞ്ഞിരിക്കുന്ന 2018-19 വര്‍ഷത്തെ റവന്യൂ വരുമാനവും സാമ്പത്തിക സര്‍വേയുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ വ്യത്യാസം കണ്ടെത്തിയതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ റോയി പറയുന്നു.

യഥാര്‍ത്ഥ വരുമാനം എത്രയെന്ന് കാണിക്കുന്ന പ്രൊവിഷണല്‍ ആക്ച്വല്‍സിലാണ് (പി.എ) വ്യത്യാസം. സാമ്പത്തിക സര്‍വ്വേയിലെ പി.എ 15.6 ലക്ഷം കോടി രൂപയാണ്. എന്നാല്‍ 2018-19 വര്‍ഷത്തേക്ക് പുതുക്കിയ എസ്റ്റിമേറ്റായി ബജറ്റില്‍ കാണിക്കുന്നത് 17.3 ലക്ഷം കോടി രൂപയാണ്. 1.7 ലക്ഷം കോടി രൂപയുടെ വ്യത്യാസമാണ് ഇവയ്ക്ക് തമ്മിലുള്ളത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

സര്‍ക്കാര്‍ ചെലവ് കണക്കിലും ഈ വ്യത്യാസമുണ്ട്. 24.6 ലക്ഷം കോടി രൂപയാണ് 2018-19 വര്‍ഷത്തേക്ക് ബജറ്റില്‍ കാണിച്ചിരിക്കുന്നത്. സാമ്പത്തിക സര്‍വേയില്‍ ഇത് 23.1 ലക്ഷം കോടി രൂപയാണ്. 1.5 ലക്ഷം കോടി രൂപയുടെ കുറവ് ഇതില്‍ രേഖപ്പെടുത്തിയത്.