ഇഡ്ഡലി കഴിച്ചയാള്‍ക്ക് സമൂസയുടെ ബില്ലും നല്‍കി; ഹോട്ടലുടമയെ യുവാവ് അടിച്ചു കൊന്നു

 | 
Crime

ഇഡ്ഡലിയുടെ ബില്ലിനൊപ്പം കഴിക്കാത്ത സമൂസയുടെ ബില്ലു കൂടി നല്‍കിയ ഹോട്ടലുടമയെ യുവാവ്  അടിച്ചു കൊന്നു. മധുരയിലാണ് സംഭവം. കെ.പുദൂര്‍ ഗവ.ടെക്‌നിക്കല്‍ ട്രെയിനിംഗ് കോളേജിന് സമീപമുള്ള ഹോട്ടലിന്റെ ഉടമയായ മുത്തുകുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

ബില്ലില്‍ സമൂസയുടെ തുക ചേര്‍ത്തത് കണ്ണന്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കണ്ണന്‍ സമൂസ കഴിച്ചിട്ടുണ്ടെന്നും നുണ പറയുകയാണെന്നും മുത്തുകുമാര്‍ പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലെത്തുകയും പ്രകോപിതനായ കണ്ണന്‍ സമീപത്തുണ്ടായിരുന്ന തടിക്കഷണം എടുത്ത് മുത്തുകുമാറിനെ അടിക്കുകയുമായിരുന്നു.

മുത്തുകുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മുത്തുകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.