നിരപരാധികളായ കര്‍ഷകരുടെ ചിന്തിയ ചോരയ്ക്ക് ഉത്തരവാദിത്തം പറയണം; വരുണ്‍ ഗാന്ധി
ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് വരുണ്‍ ഗാന്ധി. ഇത് രണ്ടാമത്തെ തവണയാണ് ബിജെപി എംപിയായ വരുണ്‍ ലഖിംപൂര്‍ കൊലപാതകത്തില്‍ സ്വന്തം പാര്‍ട്ടിക്കെതിരെ രംഗത്തെത്തുന്നത്. കൊലപാതകത്തിലൂടെ പ്രതിഷേധത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്ന് സംഭവത്തിന്റെ വീഡിയോ പങ്കുവെക്കുന്ന ട്വീറ്റില്‍ വരുണ്‍ പറഞ്ഞു.
ഈ വീഡിയോയില്‍ എല്ലാം വ്യക്തമാണ്. നിരപരാധികളായ കര്‍ഷകരുടെ ചിന്തിയ ചോരയില്‍ ഉത്തരവാദിത്തം പറയണം. ക്രൂരതയും ധാര്‍ഷ്ട്യവും നിറഞ്ഞ ഈ ദൃശ്യത്തിന്റെ സന്ദേശം കര്‍ഷകരുടെ മനസിലേക്ക് വ്യാപിക്കുന്നതിന് മുന്‍പ് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും വരുണ്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനമാണ് കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റിയത്. മന്ത്രി ഇത് നിഷേധിച്ചെങ്കിലും വീഡിയോ പുറത്തു വന്നതോടെ മന്ത്രിപുത്രന്റെ പങ്ക് വെളിപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന മഹീന്ദ്ര ഥാര്‍ കര്‍ഷകര്‍ക്ക് ഇടയിലേക്ക് ഇടിച്ചു കയറ്റുന്ന വീഡിയോയാണ് വരുണ്‍ പങ്കുവെച്ചത്. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് വരുണ്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ വാഹനത്തിലുള്ളവര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ഇതോടെ നിയന്ത്രണം വിട്ടതാണെന്നുമായിരുന്നു അജയ് മിശ്ര അവകാശപ്പെട്ടത്. എന്നാല്‍ ഇത് കളവാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.