താമര ഇന്ത്യയുടെ ദേശീയ പുഷ്പമല്ല! രാജ്യസഭയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

താമര ഇന്ത്യയുടെ ദേശീയ പുഷ്പമല്ലെന്ന് കേന്ദ്രസര്ക്കാര്.
 | 
താമര ഇന്ത്യയുടെ ദേശീയ പുഷ്പമല്ല! രാജ്യസഭയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: താമര ഇന്ത്യയുടെ ദേശീയ പുഷ്പമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ബുധനാഴ്ച രാജ്യസഭയെയാണ് ഇക്കാര്യം അറിയിച്ചത്. ബിജെഡി അംഗം പ്രസന്ന ആചാര്യയുടെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥാ മാറ്റ മന്ത്രാലയം ദേശീയ പുഷ്പം സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

കടുവയ്ക്ക് ദേശീയമൃഗമെന്നും മയിലിന് ദേശീയ പക്ഷിയെന്നുമുള്ള പദവി 2011ലെ പ്രഖ്യാപനത്തിലൂടെ മന്ത്രാലയം നല്‍കിയിട്ടുണ്ട്. എന്നാല്‍ ദേശീയ പുഷ്പമായി പൂക്കളെയൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. യുജിസി, എന്‍സിഇആര്‍ടി, കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ ദേശീയ മൃഗം, പക്ഷി, പുഷ്പം എന്നിവയെക്കുറിച്ച് പരാമര്‍ശമുണ്ടോ എന്നും ആചാര്യ ചോദിച്ചിരുന്നു. തെറ്റായി രേഖപ്പെടുത്തിയ വിവരങ്ങളെക്കുറിച്ച് സഭയെ അറിയിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഹിന്ദി ദേശീയ ഭാഷയല്ലെന്ന 2010ല്‍ ഗുജറാത്ത് ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദി ദേശീയ ഭാഷയാണെന്ന വിധത്തിലാണ് പലരും വിശ്വസിക്കുന്നത്. ഭരണഘടനയിലോ ഏതെങ്കിലും നിയമത്തിലോ ഇത്തരമൊരു പരാമര്‍ശമില്ലെന്നാണ് ഹിന്ദിയെ ദേശീയ ഭാഷയാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്.