ആരോഗ്യമുള്ള കുട്ടിയെ ലഭിക്കാന് ആറു വയസുള്ള മകളെ കൊലപ്പെടുത്തി; മാതാപിതാക്കള്‍ അറസ്റ്റില്‍
ലക്‌നൗ: ആരോഗ്യമുള്ള കുട്ടിയെ ലഭിക്കാന് ആറു വയസുള്ള ആദ്യത്തെ കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി മാതാപിതാക്കള്. ഉത്തര് പ്രദേശിലെ ചൗദാര്പൂര് ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ജൂണിലാണ് ഇവര് താരയെന്ന മൂത്ത കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയത്. കുട്ടിയെ കാണാനില്ലെന്ന അയല് വാസികളുടെ പരാതിയില് നടത്തിയ അന്വേഷണത്തിലാണ് മറവു ചെയ്ത മൃതദേഹം പോലീസ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഈ കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ ശേഷം അവിടെ ക്ഷേത്രം പണിത് പൂജ നടത്തിയാല്‍ പിന്നീട് ജനിക്കുന്ന കുട്ടിക്ക് പൂര്‍ണ്ണ ആരോഗ്യം ഉണ്ടാകുമെന്ന് ഒരു പൂജാരി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് തങ്ങള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്.
വീട്ടിനുള്ളില്‍ തന്നെ മൃതദേഹം കുഴിച്ചു മൂടുകയായിരുന്നു. മകളെ വേര്‍പിരിയാന്‍ അമ്മയ്ക്ക് വിഷമമായതിനാലാണ് വീടിനുള്ളില്‍ത്തന്നെ കുഴിച്ചു മൂടിയതെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുഞ്ഞിന്റെ ആമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.