ദുരന്തം വിതച്ച് ഗജ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ മരണം 30 ആയി
ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരന്തം വിതച്ച് ഗജ ചുഴലിക്കാറ്റ്. കാറ്റിനെത്തുടര്ന്നുണ്ടായ വിവിധ അപകടങ്ങളില് സംസ്ഥാനത്ത് ഇതുവരെ 30 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മുന്കരുതല് നടപടിയെന്ന നിലയില് 81,000 പേരെയാണ് വിവിധ സ്ഥലങ്ങളിലായി മാറ്റിപ്പാര്പ്പിച്ചിരിക്കുന്നത്. ഏതാണ്ട് 500ഓളം ദുരിതാശ്വാസ ക്യാംപുകളും തുറന്നിട്ടുണ്ട്.
പുതുക്കോട്ട, തിരുവാവൂര്‍, നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കല്‍ തുടങ്ങിയ ജില്ലകളില്‍ വീശിയ കാറ്റ് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാഗപട്ടണത്താണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
ബുധനാഴ്ച രാത്രിയോടെയാണ് മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത എത്തിയത്. ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായി ശക്തി കുറഞ്ഞ് മധ്യകേരളത്തിലൂടെ, കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയില്‍ അറബിക്കടലിലേക്ക് സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്.
കാറ്റിനെക്കുറിച്ച് നേരത്തെ തന്നെ അറിവുണ്ടായിരുന്നതിനാല്‍ നാശനഷ്ടങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സാധിച്ചു. 5 ദിവസം മുന്‍പാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഗജ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. കാറ്റ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമായിരുന്നു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.