ഫ്രാങ്കോയുടെ അനുയായികളില്‍ നിന്ന് വധഭീഷണി; പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരി
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണിയെന്ന പരാതിയുമായി ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ സഹോദരി. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് ഇവര് പോലീസില് പരാതി നല്കി. കാലടി സര്ക്കിള് ഇന്സ്പെക്ടര്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ ഇവര്‍ നിരാഹാരം ഇരുന്നിരുന്നു. പണവും രാഷ്ടട്രീയ സ്വാധീനവുമുള്ള ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പീഡനത്തിന് ഇരയായ സഹോദരിക്കൊപ്പം നിന്നതിനാലാണ് തന്നോട് ബിഷപ്പിനും അനുയായികള്‍ക്കും ശത്രുതയെന്നും പരാതിയില്‍ പറയുന്നു.
ബിഷപ്പിന്റെ ആളുകള്‍ തന്റെ സഹോദരനെതിരെ കള്ളപ്പരാതി നല്‍കിയിട്ടുണ്ട്. തന്റെ മകനെയും സഹോദരനെയും അപായപ്പെടുത്തുമെന്ന് ഫ്രാങ്കോയുടെ അനുയായിയായ തോമസ് ചിറ്റൂപ്പറമ്പന്‍ എന്നയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. നിരാഹാര സമരം ചെയ്യുന്നതിനിടെ ഇയാള്‍ തന്റെ ചിത്രമെടുത്തിട്ടുണ്ടെന്നും കന്യാസ്ത്രീയുടെ സഹോദരി പരാതിയില്‍ പറഞ്ഞു.