കര്‍ണാടകയില്‍ മൂന്ന് കോണ്ഗ്രസ് എംഎല്എമാര് ബിജെപി പാളയത്തില്‍! ആരോപണവുമായി ഡി.കെ.ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ മൂന്ന് കോണ്ഗ്രസ് എംഎല്എമാര് ബിജെപി പാളയത്തിലെന്ന് ഡി.കെ.ശിവകുമാര്. കോണ്ഗ്രസ്-ജെഡിഎസ് സര്ക്കാരിനെ അട്ടിമറിക്കാന് വീണ്ടും ഓപ്പറേഷന് താമരയുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണെന്ന് കോണ്ഗ്രസ് നേതാവും മന്ത്രിയുമായ ശിവകുമാര് ആരോപിച്ചു. മൂന്ന് കോണ്ഗ്രസ് എംഎല്എമാരെ മുംബൈയിലെ ഹോട്ടലില് ബിജെപി താമസിപ്പിച്ചിരിക്കുകയാണെന്നും ശിവകുമാര് ആരോപിച്ചു.
എംഎല്‍എമാര്‍ക്ക് എത്ര രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്നും തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്ല ബോധ്യമുണ്ടെന്നും ബിജെപിയുടെ കളികള്‍ കാത്തിരുന്നു കാണാം എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും ശിവകുമാര്‍ പറഞ്ഞു.
താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇക്കാര്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ വെളിച്ചത്തു കൊണ്ടുവരുമായിരുന്നു. ഈ കളിയില്‍ ബിജെപി വിജയിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശിവകുമാറിന്റെ ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചു. കോണ്‍ഗ്രസ് തങ്ങളുടെ കഴിവുകേടും തമ്മിലടിയും മറച്ചുപിടിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിജെപിയുടെ വാദം.