രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; ആത്മഹത്യക്ക് ശ്രമിച്ച രക്തദാതാവ് മരിച്ചു

ഗര്ഭിണിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച രക്തം ദാനം ചെയ്ത യുവാവ് മരിച്ചു. തനിക്ക് എച്ച്ഐവി ബാധയുണ്ടെന്ന് അറിയാതെ യുവാവ് ദാനം ചെയ്ത രക്തം ഗര്ഭിണിക്ക് ആശുപത്രിയില് നിന്ന് നല്കുകയായിരുന്നു. ഗര്ഭിണിക്ക് എച്ച്ഐവി സ്ഥിരീകരിച്ചതിനെത്തുടര്ന്ന് ആത്മഹത്യക്ക് ശ്രമിച്ച 19 കാരന് ഇന്ന് രാവിലെയാണ് മരിച്ചത്. മധുരൈ രാജാജി സര്ക്കാര് ആശുപത്രിയില് ചികിത്സയിലായിരുന്നു.
 | 
രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ച സംഭവം; ആത്മഹത്യക്ക് ശ്രമിച്ച രക്തദാതാവ് മരിച്ചു

ചെന്നൈ: ഗര്‍ഭിണിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തിനു പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച രക്തം ദാനം ചെയ്ത യുവാവ് മരിച്ചു. തനിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് അറിയാതെ യുവാവ് ദാനം ചെയ്ത രക്തം ഗര്‍ഭിണിക്ക് ആശുപത്രിയില്‍ നിന്ന് നല്‍കുകയായിരുന്നു. ഗര്‍ഭിണിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച 19 കാരന്‍ ഇന്ന് രാവിലെയാണ് മരിച്ചത്. മധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിരുതുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. വിളര്‍ച്ചയുണ്ടെന്ന് കണ്ടതോടെ രക്തം സ്വീകരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കുകയും ആശുപത്രിയുടെ രക്തബാങ്കില്‍ നിന്ന് രക്തം സ്വീകരിക്കുകയുമായിരുന്നു.

ഒരു വിദേശയാത്രക്കിടെ രോഗം സ്ഥിരീകരിച്ച യുവാവ് രക്തബാങ്കിനെ സമീപിച്ച് ഇക്കാര്യം അറിയിച്ചെങ്കിലും അതിനു മുമ്പായി ഗര്‍ഭിണിക്ക് ഈ രക്തം നല്‍കിയിരുന്നു. സ്ത്രീയില്‍ എച്ച്ഐവി ബാധ സ്ഥിരീകരിക്കപ്പെട്ടതോടെ രക്തബാങ്കിനും ആശുപത്രിക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ മൂന്ന് ലാബ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സാത്തൂരിലെ ക്യാമ്പില്‍ വെച്ചാണ് യുവാവ് രക്തം നല്‍കിയത്. പരിശോധനയില്‍ എച്ച്ഐവി സ്ഥിരീകരിച്ചുവെങ്കിലും യുവാവ് സ്ഥലത്തില്ലാതിരുന്നതിനാല്‍ അറിയിക്കാന്‍ സാധിച്ചില്ല. അതിനിടെ രക്തബാങ്ക് ജീവനക്കാരുടെ അശ്രദ്ധയില്‍ രക്തം ഗര്‍ഭിണിയായ യുവതിക്ക് നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.