50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണില്ല; പ്രതിപക്ഷ പാര്‍ട്ടികളുടെ പുനഃപരിശോധനാ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകള് എണ്ണുന്നത് സംബന്ധിച്ച് പ്രതിപക്ഷ പാര്ട്ടികള് നല്കിയ പുനഃപരിശോധനാ ഹര്ജി സുപ്രീം കോടതി തള്ളി. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണേണ്ടതില്ലെന്ന ഉത്തരവിനെതിരെയാണ് പ്രതിപക്ഷം പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണാനായിരുന്നു സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടത്.
ഈ ഉത്തരവില്‍ ഭേദഗതി വരുത്തില്ലെന്ന് കോടതി വ്യക്തമാക്കി. 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ഹര്‍ജി നല്‍കിയത്. 25 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എങ്കിലും എണ്ണണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഒരു മിനുട്ട് നാല്പത് സെക്കന്റ് നേരം മാത്രം ആണ് ഹര്‍ജിയിലെ നടപടികള്‍ കോടതിയില്‍ നടന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 50 ശതമാനം സ്ലിപ്പുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയും ഡി.രാജയും സുപ്രീംകോടതിയില്‍ ഹാജരായിരുന്നു.