സിനിമാ സീരിയല് നടിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി

ഹൈദരാബാദ്: സിനിമാ-സീരിയല് നടിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. നാഗ ഝാന്സി (21) എന്ന തെലുങ്ക് സീരിയല് താരത്തെയാണ് ഹൈദരാബാദിലെ വീട്ടിനുള്ളില് ചൊവ്വാഴ്ച തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. മാ ടിവിയിലെ പവിത്ര ബന്ധന് എന്ന സീരിയലില് ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്ന നാഗ ഝാന്സി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കോളിംഗ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ഝാന്‍സിയുടെ സഹോദരന്‍ ദുര്‍ഗാ പ്രസാദ് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വാതില്‍ തുറന്ന് അകത്തു പ്രവേശിച്ചപ്പോഴാണ് നടിയുടെ മൃതദേഹം സീലിംഗ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ നടി ഒറ്റക്കായിരുന്നു താമസമെന്നും ആറുമാസത്തിനിടെ അടുപ്പത്തിലായ ഒരു പുരുഷനുമായി മരണത്തിനു മുമ്പ് ഇവര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അകന്ന ബന്ധുവായ ഇയാളുമായുള്ള ബന്ധം ഝാന്‍സിയുടെ മാതാപിതാക്കള്‍ അംഗീകരിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി നടി അസ്വസ്ഥയായിരുന്നു. നടിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി അയച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.