തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ ട്രക്കിടിച്ചു; രണ്ട് ബോഗികള്‍ പാളംതെറ്റി; ഒരാള്‍ കൊല്ലപ്പെട്ടു
ഗോധ്ര: തിരുവനന്തപുരം രാജധാനി എക്സ്പ്രസില്‍ (12431) ട്രക്കിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ട്രക്ക് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ഗോധ്രക്കും മധ്യപ്രദേശിലെ രത്ലമിനും ഇടയ്ക്ക് വെച്ചാണ് അപകടത്തില്‍പ്പെടുന്നത്. ട്രക്കിടിച്ച് ട്രയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
ഇന്ന് രാവിലെ ഏതാണ്ട് 6.45ഓടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ട്രക്ക് അടച്ചിട്ട റെയില്‍വേ ഗേറ്റില്‍ ചെന്നിടിക്കുകയായിരുന്നു. ട്രാക്കിലേക്ക് മറിഞ്ഞ ട്രക്ക് അതുവഴി വന്ന തീവണ്ടിയില്‍ ഇടിച്ചു. നിയന്ത്രണവിധേയമായ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ച് ട്രെയിന്‍ ഉടന്‍ യാത്ര പുനരാരംഭിക്കും.