ആര്യയുടെ പേരില്‍ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍
ചെന്നൈ: നടന്‍ ആര്യയാണെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേര്‍ പിടിയില്‍. ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് പിടിയിലായത്. ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴ് വംശജയായ യുവതിയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്.
ഓണ്‍ലൈന്‍ ചാറ്റിലൂടെ ആര്യയാണെന്ന് പരിചയപ്പെടുത്തി യുവതിയുമായി സൗഹൃദത്തിലെത്തിയ ഇവര്‍ 65 ലക്ഷം രൂപയോളം തട്ടിയെടുത്തു. താന്‍ അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അതിന് ശേഷം വിവാഹം ചെയ്യാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് മനസിലായതോടെ യുവതി സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
പരാതിയുടെ അടിസ്ഥാനത്തില്‍ ആര്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. താരത്തിന് പങ്കില്ലെന്ന് വ്യക്തമായതോടെ ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു.