അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍; മഞ്ചേശ്വരത്ത് എം.സി കമറുദ്ദീന്‍

എല്ഡിഎഫും യുഡിഎഫും തമ്മില് കടുത്ത മത്സരം നടന്ന അരൂരില് അട്ടിമറി വിജയം നേടി കോണ്ഗ്രസ് സ്ഥാനാര്ത്ഥി ഷാനിമോള് ഉസ്മാന്.
 | 
അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍; മഞ്ചേശ്വരത്ത് എം.സി കമറുദ്ദീന്‍

കൊച്ചി: എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത മത്സരം നടന്ന അരൂരില്‍ അട്ടിമറി വിജയം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍. സിപിഎമ്മിന്റെ മനു സി. പുളിക്കലിനോട് 1955 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനിമോള്‍ വിജയിച്ചത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തിലും ലീഡ് നഷ്ടമായില്ലെങ്കിലും ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഷാനിമോളുടെ വിജയം.

ഫോട്ടോഫിനിഷില്‍ എല്‍ഡിഎഫ് സിറ്റിംഗ് മണ്ഡലം ഷാനിമോള്‍ പിടിച്ചടക്കുകയായിരുന്നു. 68,851 വോട്ടുകളാണ് ഷാനിമോള്‍ നേടിയത്. രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി.പുളിക്കല്‍ 66,896 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബുവിന് 16,215 വോട്ടുകള്‍ മാത്രമേ നേടാനായുള്ളു.

മഞ്ചേശ്വരം മുസ്ലീം ലീഗ് നിലനിര്‍ത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ നേരിയ ഭൂരിപക്ഷം പഴങ്കഥയാക്കി 7923 വോട്ടിന്റെ ഭൂരിപക്ഷം എം.സി.കമറുദ്ദീന്‍ നേടി. കമറുദ്ദീന് 65,407 വോട്ടുകാണ് ലഭിച്ചത്. ബിജെപിയുടെ രവീശ തന്ത്രി കുണ്ടാര്‍ ആണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. 57,484 വോട്ടുകളാണ് എന്‍ഡിഎയുടെ സമ്പാദ്യം. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അല്‍പമെങ്കിലും നേട്ടമുണ്ടാക്കിയത് ഇവിടെ മാത്രമാണ്. സിപിഎമ്മിന്റെ ശങ്കര്‍ റൈക്ക് 38,233 വോട്ടുകള്‍ ലഭിച്ചു.