നഴ്‌സിനെ ഓപ്പറേഷന് തീയേറ്ററില് വെച്ച് ചുംബിച്ചു; വീഡിയോ പ്രചരിച്ചതോടെ ഡോക്ടറുടെ ജോലി പോയി

ഉജ്ജയിന്‍: നഴ്‌സിനെ ഓപ്പറേഷന് തീയേറ്ററില് വെച്ച് ചുംബിച്ച ഡോക്ടറെ ജോലിയില് നിന്ന് പുറത്താക്കി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ഉജ്ജയിന് ജില്ലാ ആശുപത്രിയിലെ സിവില് സര്ജനെയാണ് അധികൃതര് ജോലിയില് നിന്ന് പുറത്താക്കിയത്. 49 കാരനായ ഡോക്ടര് ഓപ്പറേഷന് തീയേറ്ററില് വെച്ച് നഴ്സിനെ ചുംബിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന് അധികൃതര് നിര്‍ബന്ധിതരായത്.
ഡോക്ടറോട് വിശദീകരണം നല്‍കാന്‍ നേരത്തെ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഡോക്ടറുടെ വിശദീകരണം പരിശോധിച്ച ശേഷവും അദ്ദേഹം കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടി. നടപടിക്കെതിരെ ഡോക്ടര്‍ കോടതിയെ സമീപിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഡോക്ടര്‍ നഴ്‌സിനെ ചുംബിക്കുന്ന ദൃശ്യങ്ങള്‍ അബദ്ധത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. തുടര്‍ന്ന് വീഡിയോ വൈറലാവുകയും ചെയ്തു. ഉജ്ജയിന്‍ ജില്ലാ ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാരുടെ വാട്‌സ്ആപ് ഗ്രൂപ്പിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.