നിപ്പ; കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിപ്പ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില് കേന്ദ്രത്തിന്റെ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്. നിപ്പ ചികിത്സക്കുള്ള മരുന്ന് വിമാനത്തില്‍ എത്തിക്കും. എയിംസില്‍ നിന്നുള്ള വിദഗ്ദ്ധസംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനായാണ് ഈ സംവിധാനമെന്നും മന്ത്രി വിശദീകരിച്ചു. ഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലാണ് കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നത്. 01123978046 എന്ന നമ്പറില്‍ സേവനങ്ങള്‍ ലഭ്യമാകും. വവ്വാലുകളിലെ വൈറസ് സാന്നിധ്യം പരിശോധിക്കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സംഘം കേരളത്തിലേക്ക് തിരിക്കും. വനം വന്യജീവി വകുപ്പ് ഡയറക്ടര്‍ ജനറലുമായി സംസാരിച്ച് സഹായം തേടിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കേരളം ആവശ്യപ്പെടുന്ന എന്തു സഹായവും ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാണ്. സംസ്ഥാന ആരോഗ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.