മന്‍മോഹനെ കാണാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയെത്തിയത് ഫോട്ടോഗ്രാഫറുമായി; പ്രതിഷേധം അറിയിച്ച് കുടുംബം
ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാണാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എത്തിയത് ഫോട്ടോഗ്രാഫറുമായി. സംഭവത്തിനെതിരെ മന്‍മോഹന്റെ മകള്‍ ദമന്‍ സിങ് രംഗത്തെത്തി. മന്‍മോഹന്‍ ആശുപത്രിയില്‍ കഴിയുന്ന ചിത്രങ്ങള്‍ കേന്ദ്രമന്ത്രി പുറത്തു വിട്ടിരുന്നു. ദമന്‍ സിംഗിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്ന് മന്ത്രി നീക്കി. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് ഫോട്ടോഗ്രാഫര്‍ മാണ്ഡവ്യക്കൊപ്പം ആശുപത്രി മുറിയില്‍ കയറി ചിത്രങ്ങളെടുത്തത്.
ഫോട്ടോഗ്രാഫറോട് പുറത്തുപോകാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അനുസരിച്ചില്ല. അവര്‍ പ്രായമായ മനുഷ്യരാണ്. അല്ലാതെ കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ലെന്നും ദമന്‍ സിങ് പറഞ്ഞു. തന്റെ പിതാവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. അദ്ദേഹത്തിന് രോഗപ്രതിരോധശേഷി കുറവാണ്. അണുബാധ ഭയന്ന് ആശുപത്രിയിലേക്ക് സന്ദര്‍ശകരെ നിയന്ത്രിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയതും ആശങ്ക പ്രകടിപ്പിച്ചതും ഉചിതം തന്നെ. എന്നാല്‍ അപ്പോള്‍ എന്റെ മാതാപിതാക്കള്‍ ഫോട്ടോയ്ക്കായി നില്‍ക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല. ഈ നടപടി അമ്മയെ ഏറെ വിഷമിപ്പിച്ചെന്നും ദമന്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് ആരോഗ്യമന്ത്രി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മന്‍മോഹനെ സന്ദര്‍ശിക്കാനെത്തിയത്. അനുമതിയില്ലാതെ ചിത്രങ്ങളെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസും ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് എല്ലാം ഫോട്ടോയ്ക്കുള്ള അവസരമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കുറ്റപ്പെടുത്തി.