ബീഫ് കടത്താരോപിച്ച് മുസ്ലീമിനെ തല്ലിക്കൊന്നവര്‍ക്ക് ജയിലിന് പുറത്ത് സ്വീകരണമൊരുക്കി ബിജെപി മന്ത്രി

ന്യൂഡല്‍ഹി: ബീഫ് കടത്താരോപിച്ച് രാംഗഢില് നടന്ന ആള്ക്കൂട്ട കൊലപാതക കേസില് ജാമ്യം ലഭിച്ച പ്രതികള്ക്ക് സ്വീകരണം നല്കി കേന്ദ്രമന്ത്രി ജയന്ത് സിന്ഹ. റിമാന്റിലായിരുന്ന എട്ട് പ്രതികള്ക്കും ജാര്ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്കി ഇവരെ ഹാരമണിയിച്ചും മധുരം വിതരണം ചെയ്തു ബിജെപി മന്ത്രി സ്വീകരിച്ചു.
പ്രതികളെ സ്വീകരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബിജപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ നടപടി ക്രിമിനലുകളെ സംരക്ഷിക്കുന്നതാണെന്നും ഇത് രാജ്യത്ത് വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ബിജെപി കൂട്ട് നില്‍ക്കുന്നതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞവര്‍ഷം ജൂണ്‍ 29ന് ആയിരുന്നു ബീഫ് കടത്തിയെന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഢില്‍ വെച്ച് അലിമുദ്ദീന്‍ അന്‍സാരിയെന്നയാളെ ക്രൂരമായി കൊലപ്പെടുത്തിയത്. വടി ഉപയോഗിച്ച് അന്‍സാരിയെ തല്ലിക്കൊല്ലുകയായിരുന്നു. കേസിലെ പ്രതികളായ എട്ട് പേര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇവര്‍ ഗോ രക്ഷ പ്രവര്‍ത്തകരാണെന്നാണ് സൂചന. പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യ മറിയം കാത്തൂന്‍ പറഞ്ഞു.