ഉന്നാവോ പെണ്‍കുട്ടി അബോധാവസ്ഥയില്‍ തുടരുന്നു; ഡല്‍ഹിയിലേക്ക് മാറ്റേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അതീവ ഗുരുതരാവസ്ഥയില് തുടരുന്ന ഉന്നാവോ പെണ്കുട്ടിയെ ഡല്ഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി. കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. പെണ്‍കുട്ടി അബോധാവസ്ഥയില്‍ തുടരുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഡല്‍ഹി എയിംസിലേക്ക് പെണ്‍കുട്ടിയെ മാറ്റാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ആരോഗ്യനില അല്‍പം മെച്ചപ്പെട്ടാല്‍ മാത്രമേ ലഖ്‌നൗവിലെ ആശുപത്രിയില്‍ നിന്ന് മാറ്റാനാകൂ എന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. ഉന്നാവോ ബലാല്‍സംഗവുമായി ബന്ധപ്പെട്ട അഞ്ച് കേസുകള്‍ ഡല്‍ഹിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ റായ്ബറേലി ജയിലിലുള്ള കുട്ടിയുടെ അമ്മാവനെ തിഹാര്‍ ജയിലിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
പെണ്‍കുട്ടിക്കുണ്ടായ അപകടത്തില്‍ ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വിചാരണ നടക്കുന്ന കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റി 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷ നല്‍കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.