യുപിയില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി പരാജയത്തിലേക്ക്; യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ എസ്പി സ്ഥാനാര്‍ഥിക്ക് വന്‍ ലീഡ്
ന്യൂഡല്‍ഹി: യുപി ലോക്സഭാ ഉപതെരെഞ്ഞെടുപ്പില് ബിജെപിക്ക് വന് തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില് അവസാന ഘട്ട വോട്ടെണ്ണല് പുരോഗമിക്കുമ്പോള് സമാജ്വാദി പാര്ട്ടി സ്ഥാനാര്ഥി 20000ത്തിലേറെ വോട്ടുകള്ക്ക് ലീഡ് ചെയ്യുകയാണ്. ഫുല്പൂരിലും ബിജെപി സ്ഥാനാര്ഥി ഏറെ പിന്നിലാണ്. ബീഹാറില് ഉപതെരെഞ്ഞടുപ്പ് നടക്കുന്ന ലോക്സഭാ സീറ്റിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സഖ്യം പിന്നിലാണ്. ഇരു സംസ്ഥനങ്ങളിലെയും ബിജെപിയുടെ ഭരണ പരാജയമാണ് തെരെഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരില്‍ വിജയം ഉറപ്പിച്ചിരുന്ന ബിജെപി പാളയത്തിന് കടുത്ത ആശങ്ക സൃഷ്ടിച്ചുകൊണ്ടാണ് എസ്പി സ്ഥാനാര്‍ഥിയുടെ മുന്നേറ്റം. ഏതാണ്ട് 14 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 21000 ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടില്ലെന്ന് നേരത്തെ യോഗി സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഗോരഖ്പൂരില്‍ ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ല പരാജയപ്പെടുമെന്നാണ് അവസാന ഘട്ടത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍.
ഫുല്‍പുരില്‍ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ പതിനയ്യായിരത്തിലധികം വോട്ടിനു മുന്‍പിലാണ്. ഇവിടെ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണു രണ്ടാമത്. അതേസമയം ബീഹാറില്‍ ആര്‍ജെഡി വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് വിവരം. ബിജെപിയെ എതിരിടാന്‍ മായവതിയും അഖിലേഷ് യാദവും മുന്നിട്ടിറങ്ങിയ ശേഷമുള്ള ആദ്യ തെരെഞ്ഞെടുപ്പിനാണ് യുപി സാക്ഷ്യം വഹിക്കുന്നത്. പുതിയ രാഷ്ട്രീയ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ടെന്ന് തെരെഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നു.