പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും യോഗ്യത മമതയ്‌ക്കെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

ലക്‌നൗ: ഇന്ത്യന്‍ പ്രധാനമന്ത്രി യോഗ്യതയുള്ള വ്യക്തി പശ്ചിമ ബംഗാള് മുഖ്യമന്ത്രിയും തൃണമൂല് കോണ്ഗ്രസ് നേതാവുമായി മമത ബാനര്ജിയെന്ന് ഉത്തര് പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ബാര്. 2019 ല് ആരായിരിക്കും പ്രധാനമന്ത്രിയെന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവെയാണ് യോഗി മന്ത്രിസഭാംഗത്തിന്റെ പ്രതികരണം. എല്ലാവരും പ്രധാനമന്ത്രി പദത്തിലേക്ക് യോഗ്യരാണ് അതിലേറ്റവും യോഗത്യ ആര്ക്കാണെന്ന് ചോദിച്ചാല് എന്റെ ഉത്തരം മമതാ ബാനര്ജിയെന്നാണ്- ഓം പ്രകാശ് രാജ്ബാര് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ എന്‍.ഡി.എ സഖ്യകക്ഷിയായ എസ്ബിഎസ്പി നേതാവാണ് ഓം പ്രകാശ് രാജ്ബാര്‍. നേരത്തെ മുഖ്യമന്ത്രി യോഗിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം. യോഗി ആദിത്യനാഥിന് ബംഗാളില്‍ റാലി നടത്തുന്നതുമായി ബന്ധപ്പെട്ട് അനുമതി നല്‍കാത്തതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തിന് സംസ്ഥാനത്തെ ക്രമസമാധാനം നടപ്പിലാക്കുകയെന്നത് മമതാ ബാനര്‍ജിയുടെ ഉത്തരവാദിത്തമാണെന്നായിരുന്നു രാജ്ബാറിന്റെ മറുപടി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി 2017 ല്‍ വാരണാസിയില്‍ നടക്കാനിരുന്ന തന്റെ റാലിയും യോഗി ആദിത്യനാഥ് ഒഴിവാക്കിയിരുന്നതായി ചൂണ്ടിക്കാണിച്ചു.
യോഗിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് യോഗി നടത്താനിരുന്ന റാലിക്ക് മമത ബാനര്‍ജി അനുമതി നിഷേധിക്കുകയും ചെയ്തു. സ്വന്തം നാടായ യു.പിയില്‍ സ്ഥലമില്ലാത്ത യോഗി ആതിത്യനാഥ് ബംഗാളില്‍ ചുറ്റിത്തിരിയുകയാണെന്ന് മമ്ത ബാനര്‍ജി പരിഹസിക്കുകയും ചെയ്തിരുന്നു.