ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ഒന്നര വയസുകാരിയെ അമ്മ അടിച്ചുകൊന്നു
ലക്‌നൗ: ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ഒന്നര വയസുകാരനെ അമ്മ അടിച്ചുകൊന്നു. ഉത്തര്പ്രദേശിലെ താജ്പുര് ഗ്രാമത്തില് ഞായറാഴ്ചയാണ് സംഭവം. മകള് മരിച്ചത് അതിശൈത്യം മൂലമാണെന്നാണ് അമ്മയായ ഗീതാദേവി ഗ്രാമവാസികളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല് കുട്ടിയുടെ ശരീരത്തില് മര്ദ്ദനമേറ്റ പാടുകള് കണ്ടതോടെ ഗ്രാമവാസികള് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഗീതാദേവിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗീതാദേവി ദുര്‍മന്ത്രവാദങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്ന സ്ത്രീയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവരുടെ ഭര്‍ത്താവ് ഗോണ്ടയിലാണ് താമസം. മകളുമായി വീട്ടില്‍ താമസിക്കവെ തന്നെ മന്ത്രവാദവുമായി ബന്ധപ്പെട്ട ക്രിയകള്‍ ഗീതാദേവി നടത്താറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ആഭിചാരക്രിയയിലും മനുഷ്യക്കുരുതിയിലും ഇവര്‍ വിശ്വസിക്കുന്നതായി ഗ്രാമത്തിലുള്ളവരോട് നേരത്തെ പറഞ്ഞിരുന്നു.
കുഞ്ഞിനെ ഇരുമ്പ് ദണ്ഡിന് സമാനമായ ആയുധംകൊണ്ടാകാം ഗീതാദേവി കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാതെ ഇക്കാര്യത്തില്‍ യാതൊന്നും പറയാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടിക തൊഴിലാളിയായ ഭര്‍ത്താവും ഗീതാദേവിക്കെതിരെ മൊഴി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.