മാധ്യമപ്രവര്‍ത്തകന് റെയില്‍വേ പോലീസിന്റെ മര്‍ദ്ദനം; മുഖത്ത് മൂത്രമൊഴിച്ചതായി പരാതി

മാധ്യമപ്രവര്ത്തകനെ റെയില്വേ പോലീസ് ഉദ്യോഗസ്ഥര് ക്രൂരമായി മര്ദ്ദിച്ചു.
 | 
മാധ്യമപ്രവര്‍ത്തകന് റെയില്‍വേ പോലീസിന്റെ മര്‍ദ്ദനം; മുഖത്ത് മൂത്രമൊഴിച്ചതായി പരാതി

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകനെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ധീമാന്‍പുരയ്ക്കു സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകനായ അമിത് ശര്‍മ. പോലീസുകാര്‍ തന്നെ കാരണമില്ലാതെ മര്‍ദ്ദിക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്‌തെന്ന് ശര്‍മ പറഞ്ഞു. പോലീസുകാര്‍ യൂണിഫോമിലായിരുന്നില്ല. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

സ്ഥലത്തു നിന്ന് വലിച്ചിഴച്ച് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോകുകയും ബുധനാഴ്ച പുലര്‍ച്ചെ വരെ തന്നെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നും ശര്‍മ പറഞ്ഞു. സംഭവത്തില്‍ റെയില്‍വേ പൊലീസ് എസ്എച്ച്ഒ രാകേഷ് കുമാര്‍, മറ്റൊരു കോണ്‍സ്റ്റബിള്‍ എന്നിവരെ സസ്‌പെന്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ തന്നെ മര്‍ദ്ദിക്കുമ്പോള്‍ എല്ലാ പോലീസുകാരും സ്‌റ്റേഷനില്‍ ഉണ്ടായിരുന്നെന്നും രണ്ടു പേര്‍ക്ക് മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയതെന്നുമാണ് ശര്‍മ പ്രതികരിച്ചത്.

വീഡിയോ വൈറലാകുയും വിവാദമാകുകയും ചെയ്തതോടെയാണ് ശര്‍മയെ മോചിപ്പിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.