ആന്‍ഡമാനിലെത്തിയ അമേരിക്കന്‍ ടൂറിസ്റ്റ് ഗോത്രവര്ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ടു
പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാനില്‍ പ്രവേശനത്തിന് നിരോധനമുള്ള ദ്വീപില് എത്തിയ അമേരിക്കന് ടൂറിസ്റ്റ് ഗോത്രവര്ഗ്ഗക്കാരുടെ അമ്പേറ്റ് മരിച്ചു. ജോണ് അലന് ചാവു (27) എന്ന അമേരിക്കന് പൗരനാണ് കൊല്ലപ്പെട്ടത്. തെക്കന് ആന്ഡമാനിലെ സെന്റിനല് ദ്വീപിലെത്തിയ ഇയാളെ ദ്വീപ് നിവാസികള് അമ്പും കുന്തവും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് മത്സ്യത്തൊഴിലാളികള് പറഞ്ഞു.
മത്സ്യത്തൊഴിലാളികളാണ് ഇയാളെ ദ്വീപിലെത്തിച്ചത്. ദ്വീപിലെത്തിയ ഉടന്‍തന്നെ ഗോത്രവര്‍ഗ്ഗക്കാര്‍ ആക്രമിച്ചുവെന്നും ശരീരം മണലില്‍ കുഴിച്ചിട്ടുവെന്നും ഇവര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് അധികൃതര്‍ ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തി. ഹെലികോപ്ടറുകള്‍ക്ക് ഇവിടെ ലാന്‍ഡ് ചെയ്യാനായിട്ടില്ല. സംരക്ഷിത പ്രദേശവും സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രവുമായ ആന്‍ഡമാനില്‍ പ്രത്യേക അനുമതിയുള്ളവര്‍ക്കു മാത്രമേ പ്രവേശിക്കാന്‍ കഴിയൂ.
സെന്റിനല്‍ ദ്വീപില്‍ താമസിക്കുന്ന ആദിവാസി വിഭാഗക്കാര്‍ പുറംലോകവുമായി ബന്ധമില്ലാത്തവരാണ്. പുറത്തു നിന്ന് എത്തുന്നവരെ ആക്രമിക്കുന്ന സ്വഭാവമുള്ളതിനാല്‍ ഗവേഷകര്‍ക്ക് പോലും ഇവര്‍ക്ക് അരികില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. 2011ല്‍ നടത്തിയ സെന്‍സസ് അനുസരിച്ച് 40 സെന്റിനലീസ് വര്‍ഗ്ഗക്കാര്‍ ഇവിടെ താമസിക്കുന്നുണ്ട്.