യു.പി ആശുപത്രികളില്‍ വൈദ്യുതി തടസം തുടര്‍ക്കഥ; ചികിത്സ ടോര്‍ച്ച് വെളിച്ചത്തില്‍
ലക്‌നൗ: ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാകുന്നു. വൈദ്യുതി തടസം തുടര്‍ക്കഥയായതോടെ മിക്ക ആശുപത്രികളിലെയും ചികിത്സ തടസപ്പെട്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ അടിയന്തര ചികിത്സകള്‍ ടോര്‍ച്ച് വെളിച്ചത്തിലാണ് നടത്തുന്നത്. വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തില്‍ മറ്റു സമാന്തര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നത് വളരെക്കാലമായുള്ള ആവശ്യമാണ്
എന്നാല്‍ ഇക്കാര്യങ്ങള്‍ മുഖവിലക്കെടുക്കാന് യോഗി ആദിത്യ നാഥ് സര്ക്കാര് തയ്യാറാവുന്നില്ലെന്നാണ് വിമര്‍ശനം. സംഭാല്‍ മേഖലയിലെ ആശുപത്രിയില്‍ ഡോക്ടര്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ചികിത്സ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആരോഗ്യ മേഖലയിലെ അനാസ്ഥകളെക്കുറിച്ച് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം കനത്ത മഴ മൂലം ഒരു മണിക്കൂര്‍ മാത്രമാണ് വൈദ്യുതി വിതരണത്തിന് തടസമുണ്ടായതെന്നും പവര്‍കട്ട് സമയത്ത് രോഗിയെ ചികില്‍സിക്കുന്നതിന്റെ ചിത്രങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്നും സുപ്രണ്ട് ഡോ. എ.കെ ഗുപ്ത പറഞ്ഞു.
പവര്‍കട്ട് സമയത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നെന്നും സൂപ്രണ്ട് അവകാശപ്പെട്ടു. ഈ ആശുപത്രി ഒഴികെ മറ്റാശുപത്രികളില്‍ നിലവിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് യാതൊരു ഔദ്യോഗിക പ്രതികരണവും ഉണ്ടായിട്ടില്ല. ചില ആശുപത്രികളില്‍ വൈദ്യുതി മുടങ്ങിയാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍വേര്‍ട്ടറുകളോ, ജനറേറ്ററുകളോ ഇല്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നു.
പേര് വെളിപ്പെടുത്താതെയാണ് പല ഡോക്ടര്‍മാരും ഇത്തരം പരാതികള്‍ പറയുന്നത്. മാധ്യമങ്ങളില്‍ പേര് വരാന്‍ പാടില്ലെന്ന് ഉറപ്പു നല്‍കിയാല്‍ മാത്രമെ പ്രതികരിക്കൂവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.