ലോകകേരള സഭ സിപിഎമ്മിന് ഫണ്ട് കൊടുക്കുന്നവര്‍ക്ക് വിരുന്ന് കൊടുക്കുന്ന പരിപാടിയെന്ന് വി.മുരളീധരന്‍
തിരുവനന്തപുരം: ലോകകേരളസഭക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്. ലോകകേരളസഭ തട്ടിപ്പാണെന്നും സിപിഎമ്മിന് ഫണ്ട് നല്കുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയാണെന്നും മുരളീധരന് പറഞ്ഞു. സഭയില് പങ്കെടുക്കുന്നവരുടെ പശ്ചത്തലം പോലും അറിയില്ലെന്നും മുരളീധരന് പറഞ്ഞു. ഇന്ന് നടന്ന പ്രതിനിധി സമ്മേളനത്തില് വിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരനെയായിരുന്നു മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്. എന്നാല് സമ്മേളനം മുരളീധരന് ബഹിഷ്കരിച്ചിരുന്നു.
പൗരത്വ ഭേദഗതിയെ വെല്ലുവിളിച്ച് പ്രമേയം പാസാക്കിയ സര്ക്കാര് നടത്തുന്ന പരിപാടിയില് പങ്കെടുക്കുന്നില്ലെന്നും മുരളീധരന് പറഞ്ഞു. ഏത് വിഷയത്തിലും പ്രമേയം പാസാക്കാന് സംസ്ഥാന സര്ക്കാരിന് അവകാശമുണ്ടെന്നും പക്ഷേ, അതിന് ഒരു സ്വകാര്യ ബില്ലിന്റെ വില പോലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനില്ല. പ്രമേയം പാസാക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ചത് ധൂര്‍ത്താണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 47 രാജ്യങ്ങളില്‍ നിന്നുളള 351 പ്രതിനിധികളാണ് ലോക കേരള സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുക. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യ സമ്മേളനത്തില്‍ 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു പങ്കെടുത്തിരുന്നത്. ലോകകേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കുകയാണ്.