വാണി വിശ്വനാഥ് ആന്ധ്ര രാഷ്ട്രീയത്തിലേക്കെന്ന് സൂചന; മത്സരിക്കുക ടിഡിപി ബാനറില്‍?
ചെന്നൈ: നടി വാണി വിശ്വനാഥ് ആന്ധ്രാ രാഷ്ട്രീയത്തിലേക്ക്. ചന്ദ്രബാബു നായിഡു നേതൃത്വം നല്കുന്ന തെലുഗുദേശം പാര്ട്ടിയുടെ സ്ഥാനാര്ത്ഥിയായി വാണി മത്സരിക്കുമെന്നാണ് സൂചന. ചന്ദ്രബാബു നായിഡുവും വാണിയും ചര്ച്ച നടത്തി. തെലുഗു സൂപ്പര്സ്റ്റാറായിരുന്ന എന്.ടി.രാമാറാവുവിന്റെ നായികമാരില് ജീവിച്ചിരിക്കുന്ന ഒരാള് എന്ന പ്രത്യേകതയാണ് ആന്ധ്രാ രാഷ്ട്രീയത്തില് വാണിയെ പ്രിയങ്കരിയാക്കുന്നത്.
1992ല്‍ പുറത്തിറങ്ങിയ സാമ്രാട്ട് അശോക എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായി രാമറാവു അഭിനയിച്ചപ്പോള്‍ ഭാര്യയായി അഭിനയിച്ചത് വാണിയാണ്. ഡിസംബറോടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം നടക്കാനാണ് സാധ്യത. ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഇറങ്ങുമെന്നും സൂചനയുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗവും സിനിമാ താരവുമായ റോജയ്ക്ക് എതിരെ വാണിയെ മത്സരിപ്പിക്കാനാണ് ടി.ഡി.പിയുടെ നീക്കം
തെലുങ്കില്‍ നീണ്ട ഇടവേളക്ക് ശേഷം ജയ ജാനകി നായിക എന്ന ചിത്രത്തിലൂടെ തിരിച്ച് വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. തൊണ്ണൂറുകളില്‍ തെലുഗു സിനിമയില്‍ വാണി വിശ്വനാഥ് സജീവമായിരുന്നു.