കൊലപാതകം ചെയ്യാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം; വിസിയോട് വിശദീകരണം ചോദിച്ചു

ഗാസിപൂര്‍: കൊലപാതകം നടത്താന് വിദ്യാര്ത്ഥികളോട് ആഹ്വാനം ചെയ്ത വൈസ് ചാന്സലറോട് വിശദീകരണം ആവശ്യപ്പെട്ടു. ഉത്തര്പ്രദേശ് സര്ക്കാരാണ് വിസിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ജോന്പൂരിലുള്ള വീര് ബഹാദൂര് സിങ് പൂര്വാഞ്ചല് സര്വകലാശാല വൈസ് ചാന്സലര് രാജാറാം യാദവാണ് വിദ്യാര്ത്ഥികളോട് കൊലപാതകാഹ്വാനം നടത്തിയത്. ഇത് വിവാദമായതിനെത്തുടര്ന്നാണ് സര്ക്കാര് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളോട് ഊര്‍ജ്ജസ്വലരായിരിക്കണം എന്നു പറയുകയായിരുന്നു താനെന്ന വിശദീകരണവുമായി രാജാറാം യാദവും രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ പൂര്‍വാഞ്ചല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണെങ്കില്‍ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. ആരെങ്കിലുമായി അടിപിടിയുണ്ടായാല്‍ നിങ്ങള്‍ തിരിച്ചടിക്കുക. എതിരാളി കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ ഇങ്ങോട്ടു പോരൂ, ഞങ്ങള്‍ അത് കൈകാര്യം ചെയ്തുകൊള്ളാം എന്നാണ് വിസി പറഞ്ഞത്.
ഗാസിപുരിലെ ഗാന്ധിപുരം സത്യദേവ് കോളേജില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് രാജാറാം യാദവ് വിവാദ പരാമര്‍ശം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യാദവിന്റെ പ്രസ്താവന തെറ്റാണെന്നും വിദ്യാര്‍ത്ഥികളെ സമാധാനത്തിന്റെ പാതയില്‍ നടക്കാനാണ് അദ്ദേഹം പഠിപ്പിക്കേണ്ടതെന്നും ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥും പറഞ്ഞു.