കന്നഡ സൂപ്പര്‍ താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ ‘വെറുതെ വിട്ടു’
ചെന്നൈ: കന്നഡ താരമായിരുന്ന രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ കേസില്‍ വീരപ്പന് കുറ്റവിമുക്തന്‍. ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. സംഭവം നടന്ന് 18 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. കേസില്‍ പ്രതികളായിരുന്ന ഒമ്പതു പേരെയും വെറുതെ വിട്ടു. വീരപ്പനും മറ്റു രണ്ടു പേരും വിചാരണക്കാലയളവില്‍ മരിച്ചിരുന്നു.
ആരോപണവിധേയര്‍ വീരപ്പന്റെ കൂട്ടാളികളാണെന്ന് തെളിയിക്കാന്‍ തെളിവിന്റെ ഒരു കണികപോലും ഹാജരാക്കിയിട്ടില്ലെന്നാണ് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രോസിക്യൂഷന് പ്രതികള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. വിചാരണയ്ക്കിടെ കോടതിയില്‍ ഹാജാരാവാന്‍ രാജ്കുമാറിന്റെ കുടുംബം തയ്യാറായിട്ടില്ലെന്നും വിധിയില്‍ പറയുന്നു.
2000 ജൂലൈ 30നാണ് തലവടിയിലെ ധോട ഗജനൂര്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ നിന്ന് രാജ്കുമാറിനെ വീരപ്പന് തട്ടിക്കൊണ്ടുപോയത്. 108 ദിവസം കാട്ടില്‍ കഴിഞ്ഞ ശേഷം നവംബര്‍ 15ന് താരത്തെ വീരപ്പന് മോചിപ്പിച്ചു. ഇതിനു ശേഷമാണ് തലവടി പോലീസ് വീരപ്പനും 11 കൂട്ടാളികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
2004ല്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരപ്പന് കൊല്ലപ്പെട്ടു. 2006ലാണ് കന്നഡ സൂപ്പര്‍ താരമായിരുന്ന രാജ്കുമാര് മരിച്ചത്.