അയോധ്യയില്‍ രാമക്ഷേത്രം നിര്മ്മിക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ കോണ്‍ഗ്രസിന് വോട്ട്; -വി.എച്ച്.പി
ലഖ്‌നോ: അയോധ്യയില്‍ രാമക്ഷേത്രം നിര്മ്മിക്കാമെന്ന് ഉറപ്പ് നല്കിയാല് 2019 ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസിന് പിന്തുണയ്ക്കുമെന്ന് വി.എച്ച്.പി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലോക് കുമാര്. പ്രയാഗ്രാജില് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അലോക് കുമാര്. നേരത്തെ അയോധ്യയില് രാമക്ഷേത്രം നിര്മ്മാണ് ആരംഭിക്കാന് ബി.ജെ.പി മടിക്കുന്നതായി സംഘ്പരിവാര് സംഘടനകള് ആരോപിച്ചിരുന്നു. പിന്നാലെയാണ് വി.എച്ച്.പി കോണ്ഗ്രസിന് വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്.
കോണ്‍ഗ്രസ് ഞങ്ങള്‍ക്ക് മുന്നില്‍ എല്ലാ വാതിലുകളും അടച്ചിരിക്കുകയാണ്. അവര്‍ വാതിലുകള്‍ തുറക്കാന്‍ തയാറാണെങ്കില്‍, രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെങ്കില്‍, കോണ്‍ഗ്രസിനെ പിന്തുണക്കുന്നതിനെ കുറിച്ച് ആലോചിക്കും – അലോക് കുമാര്‍ പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തിനായി പാര്‍ലമെന്റില്‍ നിയമം രൂപീകരിക്കാന്‍ ചര്‍ച്ചകളുണ്ടാകുമ്പോള്‍ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടികളെ കണ്ടിരുന്നു. അങ്ങനെ ചെയ്യുന്നവരോട് എന്നും നന്ദിയുള്ളവരായിരിക്കും വി.എച്ച്.പി. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കുമെന്നല്ല. അത് ഞങ്ങളുടെ ജോലിയല്ല, ചെയ്യുകയുമില്ല – അലോക് വിശദീകരിച്ചു.
സമീപകാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് രാമക്ഷേത്ര നിര്‍മ്മാണം. നിലവില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതിയെ കാത്തുനില്‍ക്കാതെ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് നേരത്തെ സംഘ്പരിവാര്‍ നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.