ഇന്ത്യയിലെ ബാങ്കുകള്‍ക്ക് വിജയ് മല്യ 1.81 കോടി രൂപ നല്‍കണമെന്ന് യുകെ കോടതി
ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയ്ക്ക് യുകെയിലെ കോടതിയില്‍ നിന്ന് തിരിച്ചടി. വായ്പ തിരിച്ചടപ്പിക്കുന്നതിനായി ബാങ്കുകള്‍ നടത്തിയ നിയമ പോരാട്ടത്തിന് ആവശ്യമായി വന്ന കോടതി ചെലവുകള്‍ മല്യ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടു. 13 ബാങ്കുകള്‍ക്കായി രണ്ടുലക്ഷം പൗണ്ട് (1.81 കോടിയോളം രൂപ) മല്യ നല്‍കണമെന്നാണ് വിധി.
നിലവില്‍ യുകെയില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചിരിക്കുകയാണ് വിജയ് മല്യ. മല്യയുടെ ഭൂരിപക്ഷം സ്വത്തുക്കളും വിദേശത്താണ്. ഇവ മരവിപ്പിക്കണമെന്ന് ഇന്ത്യന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മല്യ യുകെയിലെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന് ഉത്തരവ് നിലനില്‍ക്കുമെന്ന് യുകെ ഹൈക്കോടതി വ്യക്തമാക്കി. യുകെയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മല്യയെ രാജ്യത്ത് എത്തിക്കാനുള്ള നീക്കം എന്‍ഫോഴ്സ്മെന്റ് ശക്തമാക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്പ്പറേഷന് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ 13 ബാങ്കുകളില്‍ നിന്നായി 9000 കോടിയോളം രൂപയാണ് വിജയ് മല്യ തിരിച്ചടയ്ക്കാനുള്ളത്.