വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മുംബൈ: ബാങ്കുകളില്‍ നിന്ന് കോടികള് വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങിയ വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയനുസരിച്ചാണ് മുംബൈ കോടതിയുടെ നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങളിലാണ് മല്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ശതകോടീശ്വനാണ് മല്യ.
സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഇതനുരിച്ചാണ് നടപടി. ഇതോടെ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിയും.
2016 മാര്‍ച്ചില്‍ രാജ്യം വിട്ട വിജയ് മല്യ ഇപ്പോള്‍ യുകെയിലാണ് താമസിക്കുന്നത്. മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചിരുന്നു. എന്നാല്‍ അതിനു മുമ്പായി വായ്പാത്തുക തിരിച്ചടക്കാന്‍ തയ്യാറാണെന്ന് മല്യ ട്വീറ്റ് ചെയ്തിരുന്നു.