വിക്രം ലാന്‍ഡറിന് നിശ്ചയിച്ച കാലാവധി നാളെ അവസാനിക്കും; പ്രതീക്ഷകള്‍ അസ്തമിക്കുന്നു

ചന്ദ്രനില് ഇടിച്ചിറങ്ങിയെന്ന് കരുതുന്ന ചന്ദ്രയാന്-2ന്റെ വിക്രം ലാന്ഡറിനെ ഉണര്ത്താനാകുമെന്ന പ്രതീക്ഷകള് അസ്തമിക്കുന്നു.
 | 
വിക്രം ലാന്‍ഡറിന് നിശ്ചയിച്ച കാലാവധി നാളെ അവസാനിക്കും; പ്രതീക്ഷകള്‍ അസ്തമിക്കുന്നു

ബംഗളൂരു: ചന്ദ്രനില്‍ ഇടിച്ചിറങ്ങിയെന്ന് കരുതുന്ന ചന്ദ്രയാന്‍-2ന്റെ വിക്രം ലാന്‍ഡറിനെ ഉണര്‍ത്താനാകുമെന്ന പ്രതീക്ഷകള്‍ അസ്തമിക്കുന്നു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്ററായ റിക്കോനസന്‍സ് പേടകത്തിന്റെ ക്യാമറയിലും വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ചയാണ് നാസ ദൗത്യം ലാന്‍ഡറിനെ അന്വേഷിച്ച് പറന്നത്. ഒരു ചാന്ദ്ര ദിവസമാണ് ലാന്‍ഡറിനും അതിനുള്ളിലെ പേലോഡുകള്‍ക്കും ആയുസ് നിശ്ചയിച്ചിരിക്കുന്നത്. ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു ദിവസം. ലാന്‍ഡിംഗ് നിശ്ചയിച്ച ദിവസത്തിന് ശേഷം ഇന്ന് 13 ദിവസങ്ങള്‍ പൂര്‍ത്തിയായി.

നിരന്തരം സിഗ്നലുകള്‍ അയച്ചിട്ടും ലാന്‍ഡറില്‍ നിന്ന് പ്രതികരണങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ലാന്‍ഡര്‍ പ്രവര്‍ത്തനക്ഷമമാകും എന്ന പ്രതീക്ഷ ഐഎസ്ആര്‍ഒയ്ക്ക് നഷ്ടമാകുന്നത്. നാസയുടെ ചാന്ദ്രദൗത്യം 2009ല്‍ വിക്ഷേപിച്ചതാണ്. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തിന് സമീപം റിക്കോനസന്‍സ് നിരീക്ഷണം നടത്തിയെങ്കിലും ചിത്രങ്ങളോ സിഗ്നലുകളോ ലഭിച്ചില്ല. സൂര്യപ്രകാശം കുറഞ്ഞ സമയത്ത് നിരീക്ഷച്ചതിനാലാകാം വിവരമൊന്നും ലഭിക്കാത്തതെന്നാണ് കരുതുന്നത്.

ലാന്‍ഡര്‍ ഇറങ്ങിയിരിക്കുന്നത് സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ലഭിക്കുന്ന പ്രദേശത്താണ്. ഇതുമൂലം ലാന്‍ഡറിന്റെ സോളാര്‍ പാനലുകളില്‍ നിന്ന് ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടും. ലാന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓര്‍ബിറ്റര്‍ പ്രവര്‍ത്തനക്ഷമമാണ്. ഏഴ് വര്‍ഷം വരെ പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയും.