വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍; ദൗത്യം തുടരുമെന്ന് ഇസ്രോ

ബംഗളൂരു: ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടയില്‍ ആശയവിനിമയബന്ധം നഷ്ടമായ വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഇസ്രോ. ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ഐ.എസ്.ആര്.ഒ. ചെയര്മാന് ഡോ. കെ. ശിവന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗവേഷണവുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചരിത്രത്തിലെ തന്നെ വലിയ നേട്ടമായി ചന്ദ്രയാന്‍-2 മാറുമെന്ന് ഇസ്രോ വ്യക്തമാക്കുന്നു.
ഓര്‍ബിറ്റിന്റെ സഹായത്തോടെ ലാന്‍ഡറിനെ കണ്ടെത്തുകയാവും ആദ്യഘട്ടത്തില്‍ ശ്രമിക്കുക. പിന്നീട് ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തും ഡോ. കെ. ശിവന് പറഞ്ഞു. ലാന്‍ഡറുമായി ആശയവിനിമയബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ പേലോഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ദൗത്യത്തിന്റെ 5 ശതമാനം മാത്രമാണ് പരാജയപ്പെട്ടതെന്ന് ഇസ്രോ വ്യക്തമാക്കിയിരുന്നു.
1958 മുതല്‍ 2019 വരെയുള്ള കാലയളവില്‍ അമേരിക്ക, യുഎസ്എസ്ആര്‍ (ഇപ്പോള്‍ റഷ്യ), യൂറോപ്യന്‍ യൂണിയന്, ചൈന, ജപ്പാന് ഇസ്രായേല്‍ തുടങ്ങിയവരാണ് ചന്ദ്രനിലേക്ക് ദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ രണ്ടാം ദൗത്യത്തിന് മുമ്പായി ഇസ്രായേലിന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ലോകത്ത് ആദ്യമായി ചാന്ദ്ര ദൗത്യം വിജയിപ്പിച്ചത് സോവിയറ്റ് യൂണിയനാണ്. 1959 ജനുവരിയില്‍ ലൂണ 1 ആണ് ചന്ദ്രന്റെ സമീപം എത്തിയത്. ആറ് പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു ഈ വിജയം.
1958നും 59നുമിടയില്‍ അമേരിക്കയും റഷ്യയും ചന്ദ്രനിലേക്ക് 14 ദൗത്യങ്ങള്‍ അയച്ചു. 1966ല്‍ ലൂണ 9 ആണ് ആദ്യമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. 1958 മുതല്‍ 1979 വരെയുള്ള കാലയളവില്‍ 90 ദൗത്യങ്ങളാണ് അമേരിക്കയും റഷ്യയും നടത്തിയത്. പിന്നീട് 1980 മുതല്‍ 89 വരെയുള്ള കാലയളവില്‍ ഒരു ചാന്ദ്രദൗത്യം പോലും ഉണ്ടായിട്ടില്ല. പിന്നീട് 1990ല്‍ ജപ്പാന് രംഗത്തെത്തി. ഇതിന് ശേഷം 19 ദൗത്യങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ട്. ഇന്ത്യ രണ്ട് ദൗത്യങ്ങളാണ് അയച്ചത്.