പാകിസ്ഥാന്‍ പിടിയിലായ വ്യോമസേനാ പൈലറ്റ് മുന്‍ എയര്‍മാര്‍ഷലിന്റെ മകന്‍; അഭിനന്ദന്‍ സൂര്യകിരണ്‍ ടീമിലെ അംഗം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കസ്റ്റഡിയില് അകപ്പെട്ട ഇന്ത്യന് വ്യോമസേനാ പൈലറ്റ് മുന് എയര് മാര്ഷലിന്റെ മകന്. വ്യോമസേനാത്തലവന് തൊട്ടു താഴെയുള്ള റാങ്കാണ് എയര് മാര്ഷല്. ചെന്നൈ സ്വദേശി എയര്മാര്ഷല് സിംഹക്കുട്ടി വര്ത്തമാന്റെ മകന് അഭിനന്ദന് വര്ത്തമാന് ആണ് പാക് കസ്റ്റഡിയിലുള്ളത്. ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാക് മാധ്യമങ്ങളും സോഷ്യല് മീഡിയയും അഭിനന്ദിനെ പിടിച്ചുകൊണ്ടു പോകുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.
കൂടുതല്‍ തെളിവു കളായി അഭിനന്ദന്റെ കൈവശമുണ്ടായിരുന്ന രേഖകളുടെയും മാപ്പിന്റെയും പിസ്റ്റളിന്റെയും ചിത്രങ്ങളും പാകിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധ സമയത്ത് ഗ്വാളിയോര്‍ എയര്‍ ബേസില്‍ ചീഫ് ഓപ്പറേഷന്‍സ് ഓഫീസറായിരുന്നു സിംഹക്കുട്ടി വര്‍ത്തമാന്‍. മിറാഷ് വിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ വെസ്‌റ്റേണ്‍ എയര്‍ബേസിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. 2012 നവംബറിലാണ് വര്‍ത്തമാന്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞത്.
വ്യോമസേനയില്‍ വിംഗ് കമാന്‍ഡറാണ് പാക് പിടിയിലുള്ള അഭിനന്ദന്‍. വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന സൂര്യകിരണ്‍ അക്രോബാറ്റിക് ടീമില്‍ അംഗമായ അഭിനന്ദന്‍ വിദഗ്ദ്ധനായ പൈലറ്റാണ്. രണ്ടു പൈലറ്റുമാര്‍ പിടിയിലായിട്ടുണ്ടെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ അഭിനന്ദന്റെ വീഡിയോ മാത്രമാണ് പുറത്തു വന്നിട്ടുള്ളത്.