ഓരോ ദിവസവും ബിജെപിക്കെതിരായി പോരാടണം; 52 എംപിമാര്‍ ധാരാളമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പോരാട്ടം ഓരോ ദിവസവും ശക്തമാക്കണമെന്ന് രാഹുല് ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ ഈ ആഹ്വാനം നടത്തിയത്. പാര്‍ലമെന്റില്‍ 52 എംപിമാര്‍ അതിന് ധാരാളം മതിയാകുമെന്നും രാഹുല്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന തീരുമാനം പിന്‍വലിക്കണമെന്ന് എംപിമാര്‍ രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചിട്ടില്ല.
വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാട് തുടരും. സഭയില്‍ ലഭിക്കുന്ന സമയം ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കും. ഭരണഘടന സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാമെങ്കിലും പ്രവര്‍ത്തകര്‍ ശക്തമായി പോരാടണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.
ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ ഗാന്ധിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. മന്‍മോഹന്‍ സിങ്ങാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. കെ.മുരളീധരന്‍, ഛത്തീസ്ഗഢില്‍ നിന്നുള്ള ജ്യോത്സന മൊഹന്ത് എന്നിവര്‍ ഇതിനെ പിന്താങ്ങി.