റാഫേല്‍; പുനഃപരിശോധനാ ഹര്‍ജികള്‍ വേഗത്തില്‍ കേള്‍ക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് സംബന്ധിച്ച വിധിയിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ വേഗത്തില്‍ കേള്‍ക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണെ അറിയിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് റാഫേല്‍ കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ അതിനു ശേഷം ഇടപാടിനെക്കുറിച്ച് ഒട്ടേറെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇവ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചുവെന്ന് വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് ഫെബ്രുവരി 13ന് അവസാനിച്ച പാര്‍ലമെന്റ് സമ്മേളനത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. ഇത് തിരുത്തണമെന്ന് കേന്ദ്ര ഗവണ്മെന്റും ആവശ്യപ്പെട്ടിരുന്നു.
കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണോ എന്ന കാര്യവും പരിശോധിക്കും. പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജിയില്‍ ഇതിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ടെന്നും ഇക്കാര്യം പരിഗണനയിലാണെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജിയുള്‍പ്പെടെ നാല് ഹര്‍ജികളാണ് ലഭിച്ചിരിക്കുന്നത്. കേസുകള്‍ എന്നു പരിഗണിക്കും എന്നത് കൃത്യമായി പറയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.