റഫാല്‍ കരാര്‍; സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ചെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

ന്യൂഡല്‍ഹി: റഫാല്‍ അഴിമതി കേസില് അന്വേഷണ വേണ്ടെന്ന സുപ്രീം കോടതി വിധി വിവാദത്തില്. വിധി പ്രസ്താവത്തില് ഇല്ലാത്ത റിപ്പോര്ട്ടിനെ പരാമര്ശിച്ചതോടെയാണ് സുപ്രീം കോടതി വിവാദത്തില്പ്പെട്ടിരിക്കുന്നത്. റഫാല് ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി(കംപട്രോളര് ആന് ഓഡിറ്റര് ജനറല്) റിപ്പോര്ട്ട് സഭയിലും പി.എ.സി(പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി)ക്കും നല്കിയെന്നും റിപ്പോര്ട്ട് പി.എ.സി പരിശോധിച്ചുവെന്നും സര്ക്കാര് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ വിധി. എന്നാല് അങ്ങനെയൊരു റിപ്പോര്ട്ടില്ലെന്ന് പി.എ.സി അധ്യക്ഷന് മല്ലികാര്ജുന ഖാര്ഗെ വ്യക്തമാക്കി.
സര്‍ക്കാര്‍ പരോമന്നത കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിഷയത്തില്‍ അറ്റോര്‍ണി ജനറലിനേയും കംപട്രോളര്‍ ആന് ഓഡിറ്റര്‍ ജനറലിനേയും വിളിച്ചുവരുത്തി വിശദീകരണം തേടും. നേരത്തെ സുപ്രീം കോടതി വിധിയില്‍ ഇല്ലാത്ത റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചതായി വ്യക്തമാക്കി ഹര്‍ജിക്കാരും കോണ്‍ഗ്രസും രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിട്ടുണ്ട്.
റഫാല്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് പി.എ.സി.ക്ക് സമര്‍പ്പിച്ചെന്നാണ് വിധിയില്‍ പറയുന്നത്. പി.എ.സി. അത് പരിശോധിച്ചെന്നും റിപ്പോര്‍ട്ടിന്റെ ചുരുക്കം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചെന്നും അതിപ്പോള്‍ പരസ്യമാണെന്നും കോടതി വിധിയില്‍ പറയുന്നു. എന്നാല്‍ അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് എവിടെയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിക്കുന്നു. ഇതോടെ റഫാല്‍ കേസില്‍ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ വീണ്ടും കോടതിയിലെത്തുമെന്ന് വ്യക്തമായിട്ടുണ്ട്.